മലയാളത്തിന്റെ വർണ്ണമാല
=================
ചോദ്യം:
കാ, കി, കീ, കു, കൂ, കൃ, കെ, കേ, കൈ, കൊ, കോ, കൗ, കം, ക: - ഇതിലെ ഒന്നൊഴിച്ച് എല്ലാ ചിഹ്നങ്ങളുടെയും പേരുകൾ എനിക്കറിയാം. കൗ എന്നതിൽ ഉപയോഗിച്ചിരിക്കുന്ന ചിഹ്നം എന്താണെന്ന് അറിയില്ല. ആർക്കെങ്കിലും സഹായിക്കാമോ ?
ഉത്തരം:
=====
സ്വരൂപവും വിരൂപവും:
ൿ എന്നതു് ഒരു വ്യഞ്ജനത്തിന്റെ മൂലരൂപം.
ഇതു് തനിയെ ഉച്ചരിക്കാൻ പറ്റില്ല. ഉച്ചരിക്കാൻ ശ്രമിച്ചാൽ ശബ്ദം പുറത്തുവരില്ല. ഒന്നുകിൽ വേറൊരു വ്യഞ്ജനം പിൻപറ്റണം. അല്ലെങ്കിൽ ഒരു സ്വരം ചേരണം.
ൿ + അ = ക
അ എന്നതു് അടിസ്ഥാനസ്വരം അഥവാ ബീജസ്വരമാണു്.
ൿ എന്നതു് ഒരു വ്യഞ്ജനത്തിന്റെ മൂലരൂപം.
ഇതു് തനിയെ ഉച്ചരിക്കാൻ പറ്റില്ല. ഉച്ചരിക്കാൻ ശ്രമിച്ചാൽ ശബ്ദം പുറത്തുവരില്ല. ഒന്നുകിൽ വേറൊരു വ്യഞ്ജനം പിൻപറ്റണം. അല്ലെങ്കിൽ ഒരു സ്വരം ചേരണം.
ൿ + അ = ക
അ എന്നതു് അടിസ്ഥാനസ്വരം അഥവാ ബീജസ്വരമാണു്.
[മലയാളത്തിൽ ഒരേ വിധത്തിൽ എഴുതുന്നുവെങ്കിലും അകാരം തന്നെ രണ്ടോ മൂന്നോ വിധമുണ്ടു്. ഫാസ്റ്റ്, ഫാൻ, ഫാൾ (fast, fan, fall ഇവ ഫാസ്റ്റ്, ഫാൻ, ഫാൾ എന്നിങ്ങനെ മലയാളത്തിലെഴുതുമെങ്കിലും അവയെ ഒരേ പോലെയല്ലല്ലോ ഉച്ചരിക്കുന്നതു്. ഇതുപോലെ തനിമലയാളത്തിലും വാക്കുകളുണ്ടു്. എന്നാൽ അവയിലെ അ-യുടെ ഉച്ചാരണഭേദം നാം തന്നെ പെട്ടെന്നു തിരിച്ചറിയില്ല. ഉദാ: രവി (രെവി), രണ്ട് (ഇരണ്ട്), രാഗം. ശുദ്ധം, താലവ്യം, ഓഷ്ഠ്യം എന്നിങ്ങനെയുള്ള ഈ ‘ദുഷിപ്പു്’ വേറൊരു കുറിപ്പിൽ വിശദീകരിക്കാം.]
ആധുനികമലയാളത്തിൽ, സ്വരചിഹ്നത്തെ വ്യഞ്ജനത്തോടുകൂടി കൂട്ടിവിളക്കിയാൽ പഴയലിപി അഥവാ തനതുലിപി. കൂട്ടിവിളക്കാതെ തൊട്ടരികെ ഒപ്പം ചേർത്തുവെച്ചാൽ പുതിയ ലിപി അഥവാ പിരിച്ചെഴുത്തു്.
[ഇതും 100% കൃത്യമല്ല.ഈ നിയമം തുടക്കത്തിലേ ഗർഭിണിയായിരുന്നു. പിന്നെപ്പിന്നെ ദുർബ്ബലയും].
അ +അ = ആ (ദീർഘം)
ൿ+അ+അ = ക+അ = കാ
ക-യുടെ ദീർഗ്ഘമാണു് കാ.
ഇവിടെ കായുടെ ഉള്ളിൽ പറ്റിക്കൂടിക്കിടക്കുന്ന ആകാരത്തെ ഉപസ്വരമെന്നും കാ-യിലെ ദീർഗ്ഘചിഹ്നത്തെ (ാ) ഉപസ്വരചിഹ്നം എന്നും പറയുന്നു. ഇത്തരം ചിഹ്നങ്ങൾക്കു് ഉപസ്ഥാനികൾ എന്നോ ഉപസ്ഥിതചിഹ്നങ്ങൾ എന്നോ പറയാവുന്നതാണു്.
(എന്നാൽ ഉപസ്വനം എന്നതിനു ഭാഷാശാസ്ത്രത്തിൽ വേറെ അർത്ഥമാണുള്ളതു്. ഒരേ സ്വരത്തിന്റെ ഉച്ചാരണത്തിലുള്ള ശബ്ദഭേദരൂപങ്ങളാണു് ഉപസ്വനങ്ങൾ. ഇംഗ്ലീഷിലെ app, fan, wall ഇവയിലെ ആദ്യസ്വനങ്ങളിൽ (ആ, ഫേ,വോ എന്നിവയുടെ വളരെ നേർപ്പിച്ച രൂപമായ) അകാരത്തിനു് മൂന്നു വ്യത്യസ്തഭാവങ്ങളാണുള്ളതു്. അവയെ ‘അ‘യുടെ ഉപസ്വനങ്ങൾ എന്നു വിളിക്കാം.)
ഘടകമായ ആ-യെ സ്വരൂപം എന്നും ക-യെ വ്യഞ്ജനമെന്നും കാ-യെ വിരൂപം എന്നും. എന്നും. [മലയാഴ്മയുടെ വ്യാകരണം: Rev. George Mathen 1863]
സ്വരപരിണാമം
ഇനി സ്വരങ്ങൾ എങ്ങനെ പലതായി മാറുന്നു എന്നു നോക്കാം:
അടിസ്ഥാനസ്വരങ്ങൾ അഞ്ച്:
അ
ഇ
ഋ
ഌ
ഉ
വായ് സാധാരണ രീതിയിൽ പിടിച്ച് തൊണ്ടയിൽനിന്നും കാറ്റു പുറപ്പെടുവിച്ചാൽ 'അ'
വായ് വശങ്ങളിലേക്കു വലിച്ചുപിടിച്ച് (ഇളിക്കുന്നപോലെയാക്കി) കാറ്റുവിട്ടാൽ, 'ഇ'.
വായ് മുന്നോട്ടു കൂർപ്പിച്ച് (ഉമ്മ വെക്കാനായുന്നതുപോലെ അല്ലെങ്കിൽ ഊതാൻ ഭാവിക്കുന്നതുപോലെ) കാറ്റുവിട്ടാൽ, 'ഉ'
സാധാരണ പോലെത്തന്നെ പിടിച്ചു് അതേ സമയം നാവു മുന്നോട്ടു നീട്ടി അതിനെ കീഴ്പ്പല്ലുകൾക്കു മുകളിൽ ചേർത്തുവെച്ച് കാറ്റുവിട്ടാൽ, ഋ.
സാധാരണ പോലെത്തന്നെ പിടിച്ചു് അതേ സമയം നാവു മുന്നോട്ടു നീട്ടി അതിനെ മേൽപ്പല്ലുകൾക്കു താഴെ ചേർത്തുവെച്ച് കാറ്റുവിട്ടാൽ, ഌ.
ഈ അടിസ്ഥാനസ്വരങ്ങളെ മൂന്നുതരത്തിൽ ക്രിയചെയ്യാം:
സങ്കലനം, ഗുണനം, വർഗ്ഗം (ദീർഘം, ഗുണം, വൃദ്ധി).
ഒരു സ്വരത്തിനെ അതിനോടുകൂടിത്തന്നെ ചേർത്തുവെച്ചാൽ, (സജാതി) അതു സങ്കലനമായും ഗുണനമായും വൃദ്ധിയായും കണക്കാക്കാം.
(കമ്പ്യൂട്ടർ ഭാഷയിലെ AND, OR ലോജിൿ ഗേറ്റുകൾ പോലെ, 1+1 = 1 x 1 = 1)
അ + അ = അ x അ = ആ (അ-യുടെ ദീർഘം / ഗുണം / വൃദ്ധി)
ഇ + ഇ = ഇ x ഇ = ഈ (ഇ-യുടെ ദീർഘം / ഗുണം / വൃദ്ധി)
ഋ + ഋ = ഋ x ഋ = ൠ (ഋ-യുടെ ദീർഘം / ഗുണം / വൃദ്ധി)
ഌ + ഌ = ഌ x ഌ = ൡ (ഌ - യുടെ ദീർഘം / ഗുണം / വൃദ്ധി)
ഉ + ഉ = ഉ x ഉ = ഊ (ഉ-യുടെ ദീർഘം / ഗുണം / വൃദ്ധി)
ഇങ്ങനെ അഞ്ചു ഹ്രസ്വങ്ങളും അഞ്ചു സജാതിദീർഘങ്ങളും.
ഇനി, വിജാതിസ്വരങ്ങൾ:
അ X ഇ = എ (വിജാതിഗുണനം),
അ X ഉ = ഒ (വിജാതിഗുണനം)
(വിജാതിഗുണനം)
(വിജാതിഗുണനം)
[ആ എന്നും ഈ എന്നും ഒരേ സമയത്തുതന്നെ ഉച്ചരിക്കുമ്പോഴാണു് ഏ എന്ന ധ്വനി പുറത്തുവരുന്നതു്. അതുപോലെ ആ എന്നും ഊ എന്നും ഒരുമിച്ചുച്ചരിച്ചാൽ ഫലം ഓ എന്നായിരിക്കും. ഇതു കൃത്യമായി മനസ്സിലാവാൻ കുറച്ചുനേരം ആ എന്നും പിന്നെ ഈ എന്നും തുടർന്നു് ആ രണ്ടു പ്രയത്നങ്ങളും ഒരുമിച്ചും (അതുപോലെ ആ എന്നും പിന്നെ ഊ എന്നും)സ്വയം ചെയ്തുനോക്കിയാൽ മതി].
ഇവയെ വീണ്ടും സങ്കലനം ചെയ്താൽ,
(അ x ഇ ) + (അ x ഇ) = എ + എ = ഏ
(അ x ഉ ) + (അ x ഉ) = ഒ + ഒ = ഓ
ഈ ദീർഘത്തെ ഒരിക്കൽ കൂടി ദീർഘിപ്പിച്ചാൽ അതു വൃദ്ധിയാവും.
ഏ +എ = ഐ (ഇതുതന്നെ അ + ഇ എന്ന വിജാതിസങ്കലനവും ആവാം)
ഇതുപോലെ,
ഓ + ഒ = ഔ (ഇതുതന്നെ അ + ഉ എന്ന വിജാതിസങ്കലനവും ആവാം)
ൠ, ൡ എന്നിവയുടെ ഗുണദീർഘവൃദ്ധികൾ സ്വതന്ത്രമായി ഉച്ചരിക്കാനാവില്ല. അങ്ങനെ ചെയ്താൽ വികൃതമായ ശബ്ദധ്വനിയാണു പുറത്തുവരിക. അവ വ്യഞ്ജനീഭാവങ്ങളായി വരും. (ഏകദേശം, കൃഷ്ണൻ എന്ന വാക്കു് ക്ഴ്ണൻ എന്നുച്ചരിക്കുന്നതുപോലെ.) എന്തായാലും, അർ, അൽ എന്നിങ്ങനെ രണ്ടു ഗുണീഭാവങ്ങൾ ഇവയ്ക്കുണ്ടെന്നു് അനുമാനിക്കാം.
ഇവയുടെ വ്യുൽക്രമങ്ങളും (തിരിച്ചിട്ട രൂപങ്ങൾ) ഉണ്ടു്. അവയും വ്യഞ്ജനങ്ങൾ തന്നെ.
ഐ തിരിച്ചിട്ടാൽ - യ
അര് തിരിച്ചിട്ടാൽ - ര
അല് തിരിച്ചിട്ടാൽ - ല
ഔ - തിരിച്ചിട്ടാൽ - വ
ഇ, ഋ, ഌ, ഉ എന്നിവയുടെ ആവർത്തിതവൃദ്ധികളാണു് (അല്ലെങ്കിൽ വ്യഞ്ജനീഭാവങ്ങളാണു് യ,ര,ല,വ എന്നും പറയാം).
യ, ര, ല എന്നിവ വീണ്ടും വൃദ്ധി പ്രാപിച്ചാൽ, ഴ, റ, ള എന്നിവയാവും. അത്രയുമെത്തുമ്പോഴേക്കും നമ്മുടെ ശബ്ദോല്പാദനയന്ത്രത്തിന്റെ ഉച്ചാരണപരിധി കഴിയും. ശബ്ദം വളരെ പരുക്കനും ശ്രവണസുഖമില്ലാത്തതുമാകും.
അതിനാൽ, ക്ലാസ്സിൿ സംസ്കൃതത്തിൽ റ, ള, ഴ എന്നിവയ്ക്കുമുമ്പേ വർണ്ണമാല അവസാനിപ്പിച്ചിരിക്കുന്നു.
ശുദ്ധസ്വരങ്ങൾക്കും ശുദ്ധവ്യഞ്ജനങ്ങൾക്കും ഇടയിലാണു് യ,ര,ല,വ,ഴ,റ, ള എന്നീ വർണ്ണങ്ങളുടെ സ്ഥാനം. അതിനാൽ അവയെ മദ്ധ്യമങ്ങൾ എന്നു പറയുന്നു.
ഉപസ്വരചിഹ്നങ്ങളുടെ സംഗതി
ഇനി മലയാളത്തിലെ ഉപസ്വരചിഹ്നങ്ങളുടെ സംഗതി (കാരണം / പരിണാമം) നോക്കാം:
ാ - ദീർഘം
ൗ - ഇരട്ടദീർഘം / വൃദ്ധി
ി - വള്ളി
ീ - ഇരട്ടവള്ളി / കെട്ടുവള്ളി വള്ളിയുടെ വൃദ്ധി
ു- കുനിപ്പ് / ചുഴിപ്പ്
ൂ- ഇരട്ടക്കുനിപ്പ് / ഇരട്ടച്ചുഴിപ്പ് (കുനിപ്പിന്റെ വൃദ്ധി)
ൃ - ചുറ്റിവര
ൄ- ഇരട്ടച്ചുറ്റിവര (ഋകാരത്തിന്റെ വൃദ്ധി)
ൢ - കുനിപ്പുചുറ്റിവര / ചുഴിപ്പുചുറ്റിവര
ൣ - ഇരട്ടക്കുനിപ്പുചുറ്റിവര (ഌ-കാരത്തിന്റെ വൃദ്ധി)
െ- പുള്ളി (എകാര വിജാതിഗുണനത്തിന്റെ ചിഹ്നം)
േ- കെട്ടുപുള്ളി (അതിന്റെ ദീർഘം / സങ്കലനം)
ൊ - പുള്ളിയും ദീർഘവും (ഒകാര വിജാതിഗുണനത്തിന്റെ ചിഹ്നം)
ോ- കെട്ടുപുള്ളിയും ദീർഘവും (അതിന്റെ ദീർഘം/ സങ്കലനം)
ൈ- ഇരട്ടപ്പുള്ളി (ഏകാരത്തിന്റെ വൃദ്ധി / ദീർഘം)
ൌ-പുള്ളിയും ഇരട്ടദീർഘവും (ഒകാരത്തിന്റ വൃദ്ധി / ദീർഘം)
ഇതിൽ ഒടുവിലെ ചിഹ്നം നോക്കുക. ൊ എന്ന ഒകാര ഉപസ്വരത്തിന്റെ ദീർഘം + ദീർഘം ആണു് ൌ.
(അതായതു് കൊ + ദീർഘം + ദീർഘം= കോ + ഒ= കൌ; അല്ലെങ്കിൽ കൊ x കൊ = കൌ).
ഈ പുള്ളിയും രണ്ടു ദീർഘങ്ങൾക്കും പകരം പുള്ളിയും ഒരു ഇരട്ടദീർഘവും പോരേ?
ഇതുകൊണ്ടാണു് കൗശലം എന്നെഴുതാതെ, ഒരു പുള്ളികൂടി ചേർത്തു് മുമ്പൊക്കെ, കൌശലം എന്നെഴുതിയിരുന്നതു്.
എന്നാൽ, ശബ്ദത്തിന്റെ ബൂളിയൻ / വെൿടർ അങ്കഗണിതത്തെ മലയാളലിപികളിലൂടെ സൂചിപ്പിച്ചിട്ടുണ്ടു് എന്നു തിരിച്ചറിയാത്തവർ (അല്ലെങ്കിൽ അതിലൊന്നും കാര്യമില്ല, പിള്ളേരിങ്ങനെയൊക്കെ പഠിച്ചാൽ മതി എന്നു കരുതിയവർ) ഈ കുനുഷ്ടുപിടിച്ച ചിഹ്നങ്ങളൊക്കെ പരിഷ്കരിച്ചുകളഞ്ഞു.
അങ്ങനെ, മലയാളത്തിലെ ഉപസ്വരമാലകൾക്കു് ഇപ്പോൾ പ്രത്യക്ഷത്തിൽ ധ്വനിസംബന്ധമായോ ദൃശ്യസംബന്ധമായോ ലേഖനസംബന്ധമായോ യാതൊരു യുക്തിയുമില്ലാതായി എന്നു നമ്മളൊക്കെ ചിന്തിക്കുവാനും തുടങ്ങി.
യുണികോഡിന്റെ ആദ്യകാലത്തു് കൌ എന്ന രൂപമാണു് അംഗീകരിക്കപ്പെട്ടിരുന്നതു്. എന്നാൽ, കൗ എന്ന രൂപത്തിനുകൂടി സാധുത ലഭിച്ചു. ഇപ്പോൾ അവ രണ്ടും കീബോർഡുകളിൽ ലഭ്യമാണു്. രണ്ടുരൂപങ്ങളും പ്രാമാണികമായി ശരിയുമാണു്.
മലയാളലിപികളിലെ യുക്തിഭംഗം
ചുരുങ്ങിയതു് പുള്ളിയും കെട്ടുപുള്ളിയും 'റ' എന്ന വർണ്ണത്തിന്റെ പുതിയ ലിപിയിലെഅനുസർഗ്ഗവും (ഉദാ:ക്ര, പ്ര, വ്ര) വർണ്ണം ശബ്ദമാക്കി ഇടത്തുനിന്നും വലത്തേക്കു് എഴുതുകയും വായിക്കുകയും ചെയ്യുന്ന LTR (Left To Right ) എന്ന എഴുത്തുയുക്തിക്കു ചേരാത്തതാണു്. അക്ഷരം പഠിക്കുമ്പോൾ ഇവയുടെ പ്രയോഗോദ്ദേശം മനസ്സിലാക്കാൻ കുട്ടിക്കാലത്തു ഞാൻ ഏറെ സമയമെടുത്തിട്ടുണ്ടു്. ഇന്നത്തെ കുട്ടികളിലും ഒരു നല്ല പങ്കു് അതേ ധർമ്മസങ്കടം അനുഭവിക്കുന്നുണ്ടു്.
കൃത്രിമസ്വരങ്ങൾ
ഇനി രണ്ടു കൃത്രിമസ്വരങ്ങൾ കൂടി സങ്കൽപ്പിക്കാം.
നേരത്തേ, വായിലൂടെ കാറ്റ് വിടുന്ന വിദ്യ പറഞ്ഞല്ലോ. അങ്ങനെയുണ്ടാക്കുന്ന ശബ്ദം രണ്ടുവിധത്തിൽ കടുംബ്രേക്കിട്ടു നിർത്താം. ഒന്നുകിൽ വായ് പെട്ടെന്നു് അടക്കുക. അല്ലെങ്കിൽ കാറ്റ് പെട്ടെന്നു നിർത്തുക.
ശബ്ദം (വായു) നിർത്തുന്നതിനുമുമ്പ് വായ് പെട്ടെന്നു് കൂട്ടിയടക്കാം. ചുണ്ടുകൾ രണ്ടും കൊണ്ട് ഇങ്ങനെ വാ അടക്കുമ്പോൾ 'അം' എന്ന കൃത്രിമസ്വരം ജനിക്കും. അതാണു് അനുസ്വാരം. അനുസ്വാരത്തിന്റെ ചിഹ്നം ഒരു അടച്ച ചെറുവൃത്തമാണു്.
അം+അ = അമ്മ
[ശിശുക്കൾ ആദ്യം പഠിക്കുന്നതു് അവരുടെ സ്വനപേടകത്തിലൂടെ (Glottis) വെറുതെ കാറ്റു വിടാനും ആ കാറ്റു് വായ് അടച്ചുകൊണ്ടു് പെട്ടെന്നു നിർത്താനുമാണു്. അ, അം എന്നീ രണ്ടു ശബ്ദങ്ങൾ പഠിക്കുന്നതോടെ അമ്മ, മാ, മമ്മ തുടങ്ങിയ ആദ്യപദങ്ങൾ അവർക്കു് ഉച്ചരിക്കാനാവുന്നു].
ഇനി, ഇതിനു പകരം, കാറ്റ് പെട്ടെന്നു നിർത്തുമ്പോൾ വിസർഗ്ഗം (അഹ് എന്ന പോലെ) സംഭവിക്കും. ഇതാണു് ഃ എന്ന ചിഹ്നം കൊണ്ടു് ഉദ്ദേശിക്കുന്നതു്. ദു എന്നുച്ചരിച്ചതിനുശേഷം ഒരു ഞൊടി നിർത്തുക. എന്നിട്ട് പുതുതായി ഖ എന്നു ശബ്ദിക്കാനാരംഭിക്കുക. അപ്പോൾ ദുഃഖ എന്നു വരും.
മനഃ +സുഖം = മനഃസുഖം.
മലയാളികളുടെ സമയനിഷ്ഠ പോലെത്തന്നെയാണു് അവരുടെ ഉച്ചാരണനിഷ്ഠയും. നമ്മുടേതു് പണ്ടുമുതലേ ഒരു അലസോച്ചാരണഭാഷയാണു്. കടുംബ്രേക്കിടാനും മറ്റും നമുക്കത്ര ഇമ്പം പോര. അതിനാൽ നാം മിക്കപ്പോഴും വിസർഗ്ഗം വേണ്ടെന്നുവെച്ച് അതിനുപകരം അടുത്ത വ്യഞ്ജനം മെല്ലെയൊന്നിരട്ടിക്കും. മനസ്സുഖം എന്നും ദുക്ഖം എന്നും നാം ഉച്ചരിക്കും.
അതിനാൽ, ഉപയോഗശൂന്യമായെന്നപോലെ, പതിയെപ്പതിയെ വിസർഗ്ഗവും നമ്മുടെ ഭാഷയിൽ നിന്നു് അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണു്.
അനുസ്വാരം, വിസർഗ്ഗം എന്നീ കൃത്രിമസ്വരങ്ങൾ കൂടി ചേർക്കുമ്പോൾ മലയാളത്തിനു് ഒട്ടൊക്കെ പരിപൂണ്ണവും അതിസമ്പന്നവുമായ ഒരു സ്വരമാല ലഭിക്കുന്നു.
വേണ്ടാത്ത അക്ഷരങ്ങൾ:
---------------------------
മലയാളത്തിലെ സമ്പൂർണ്ണമായ അക്ഷരമാലയിലെ ചില അക്ഷരങ്ങൾ ഇന്നു് മിക്കവാറും മലയാളികൾക്കു് കണ്ടുപരിചയം പോലുമില്ല. ഋ, ൠ, ഌ, ൡ എന്നിവയാണു് ഇതിൽ മുഖ്യം. എന്തുകൊണ്ടിങ്ങനെ വന്നു?
മികച്ച ഒരു വർണ്ണമാല ഭാഷയെ സംബന്ധിച്ചിടത്തോളം, ഒരു വലിയ സ്വത്താണു്. ഓരോ ശബ്ദത്തേയും വേറിട്ടുതന്നെ എഴുതിവെക്കാൻ കഴിയുക എന്നതു് എഴുത്തുവഴിയുള്ള ആശയവിനിമയം കൂടുതൽ കൃത്യതയുള്ളതാക്കി മാറ്റും. എന്നാൽ, എപ്പോഴും എല്ലാ ശബ്ദങ്ങളും നമുക്കു് ഉപയോഗിക്കേണ്ടി വരില്ല. അപ്പോഴും അവയുടെ പ്രതിനിധികളായ അക്ഷരങ്ങൾ കളഞ്ഞുപോവാതെ അക്ഷരമാലയുടെ ഭാഗമായിത്തന്നെ സൂക്ഷിച്ചുവെക്കുന്നതാണു ബുദ്ധി. വാഹനം ഉപയോഗിക്കുന്നവർ എപ്പോഴും അതിൽ ഒരു ‘സ്റ്റെപ്പിനി’ചക്രം കരുതിവെക്കുന്നതുപോലെയോ കറന്റ് പോകുമ്പോൾ ഉപയോഗിക്കാൻ മെഴുകുതിരി കരുതിവെക്കുന്നതുപോലെയോ കരുതിയാൽ മതി ആ അധിക ഉത്തരവാദിത്തം.
വളരെക്കുറച്ചുവാക്കുകളേയുള്ളൂ ഋ എന്ന അക്ഷരത്തിൽ തുടങ്ങുന്നതു്. എന്നാൽ ആ ഉപസ്വരം വരുന്ന കൃ, ഗൃ, ജൃ, തൃ, ധൃ, പൃ, ഭൃ, മൃ, വൃ, ശൃ, സൃ തുടങ്ങിയ ധാരാളം പദങ്ങളുണ്ടു്. അതിനാൽ, ആ സ്വരവും നാം പഠിച്ചോർമ്മിച്ചുവെക്കുക തന്നെ വേണം.
[കൃ, ക്ര്, , ക്രി, ക്രു, ക്റ് ഇവയെല്ലാം ഒരേ ശബ്ദമല്ല. ക്റ്ഷ്ണൻ എന്നോ കിർഷ്ണൻ എന്നോ കിറുഷ്ണൻ എന്നോ അല്ല ‘കൃഷ്ണ’ന്റെ ഉച്ചാരണം. ശരിയായി ഉച്ചരിച്ചാൽ ‘റ’ കാരം പുറത്തുവരികയേ ഇല്ല. പക്ഷേ, ഒന്നാം ക്ലാസ്സിൽ നാം ഉച്ചാരണമല്ലല്ലോ ഇന്നു പഠിക്കുന്നതു്. എഴുത്തല്ലേ?]
ൠ എന്ന് ഒരക്ഷരമുണ്ടു്. (അഥവാ, ഉണ്ടായിരുന്നു). ആ സ്വരമോ അതിന്റെ ഉപസ്വരമോ വരുന്നതായി വിരലിലെണ്ണാവുന്ന വാക്കുകളേയുള്ളൂ. എങ്കിൽപ്പോലും അക്ഷരപ്പുരയുടെ ഏതോ ഒരു മൂലയിലുള്ള ഒരു കഴുക്കോലായി ആ അക്ഷരവും നമ്മുടെ മൊഴിത്തറവാട്ടിൽ ഉണ്ടായിരിക്കണം.
ഌ എന്ന അക്ഷരം കണ്ടാൽ നു (Nu) എന്നാണു മിക്കവാറും കുട്ടികൾ ഇപ്പോൾ വായിക്കുന്നതു്. പണ്ടു് ക്ഌപ്തം എന്നൊരു ഒറ്റ വാക്കിൽ മാത്രം ഈ അക്ഷരം ഉപയോഗിക്കാറുണ്ടായിരുന്നു. 1970കളിൽ നാം ആ വാക്കു തന്നെ സൗകര്യപൂർവ്വം തിരുത്തിയെഴുതി. ക്ലിപ്തം (limited) എന്നാക്കി. എന്നിട്ട് ആവശ്യമില്ലാത്ത ഒരു അലവലാതി അക്ഷരത്തെക്കൂടി ഒഴിവാക്കി.
ൡതം എന്നൊരു വാക്കുണ്ടു്. എട്ടുകാലി എന്നർത്ഥം. ക്ണാപ്പൻ എന്നതിലെ ണ്-ശബ്ദം ക് ചേർക്കാതെ അടച്ചുപിടിച്ചു നീട്ടിയാൽ എങ്ങനെയുണ്ടാവും? അങ്ങിനെയാണു് ‘ൡ’ ഉച്ചരിക്കേണ്ടതു്. അപ്പോൾ നാമറിയാതെത്തന്നെ നാവിന്റെ മുന്നറ്റം വായുടെ അടിത്തട്ടിൽ ചെന്നുമുട്ടി ഒരു ‘ക്ലിക്ക്’’ ധ്വനി സൃഷ്ടിക്കുന്നതു് അനുഭവപ്പെടും.
എന്താണു് ഈ ശബ്ദത്തിനു് ഇത്ര സവിശേഷത?
ആഫ്രിക്കയുടെ തെക്കേ പകുതിയിൽ ബോട്ട്സ്വാന, നമീബിയ എന്നിങ്ങനെ ചില രാജ്യങ്ങളുണ്ടു്. അവിടെജീവിക്കുന്ന കുറിയ മനുഷ്യർ പണ്ടൊരു കാലത്തു് നമ്മുടെ സ്വന്തം സോദരന്മാരായിരുന്നു. ഭൂമിയിലെ മറ്റു സമൂഹങ്ങളെപ്പോലെ ‘വികസന’മൊന്നും അവരെ തൊട്ടുതീണ്ടിയിട്ടില്ല. അവരുപയോഗിക്കുന്ന ‘പ്രാകൃത’മായ ഭാഷകളിൽ മാത്രം വ്യക്തമായും അവശേഷിക്കുന്ന ഒരു ശബ്ദവർഗ്ഗത്തിന്റെ ഭാഗമാണു് ഈ ക്ലിക്ക് സ്വരം. (ലിങ്ക് കമന്റിൽ)
കുട്ടിക്കു് നിറം ഇഷ്ടപ്പെടാത്തതിനാൽ ഒരിക്കലും ഉപയോഗിക്കാതെ മാറ്റിവെച്ചു് ഇപ്പോഴും അവളുടെ ചായപ്പെട്ടിയിൽ മുഴുനീളത്തോടെ ബാക്കിവരുന്ന രണ്ടോ മൂന്നോ ക്രയോൺ പെൻസിലുകളെപ്പോലെ, നമുക്കു് ഈ അസുഖകരമായ അക്ഷരങ്ങൾ, ഈ പൗരാണികസമ്പത്തുകൾ കളഞ്ഞുപോവാതെ സൂക്ഷിച്ചുവെയ്ക്കാം. എന്നെങ്കിലും ഇനിയൊരിക്കൽ, ഭാഷയുടേയും സമൂഹത്തിന്റേയും ചരിത്രവും ഫോറൻസിൿ തെളിവുകളും അന്വേഷിച്ചുപോവുമ്പോൾ അവ അമൂല്യമായ രത്നസാമഗ്രികളായെന്നു വരാം.
വേണ്ടുന്ന അക്ഷരങ്ങൾ:
===============
ഇതിനെല്ലാമിടയ്ക്കു് സ്വന്തമായി ഒരു ചിഹ്നമില്ലാതെ, മലയാളികൾക്കു് ഏറെ പ്രിയപ്പെട്ട ഒരു സ്വരം നൂറ്റാണ്ടുകളായി മൂളിത്തേങ്ങിയിരിപ്പുണ്ടു്.
അതിനെ സംവൃതസ്വരം (അടച്ചുകെട്ടിയ സ്വരം) എന്നു വിളിക്കാം. ഇതിനെത്തന്നെ സംവൃത ഉകാരമെന്നും വിളിക്കാറുണ്ടു്. (ഇംഗ്ലീഷിൽ ഇതിനെ central vowel. പക്ഷേ central vowels തന്നെ ഒരു വലിയ ലിസ്റ്റ് ഉണ്ടു്. Front, back, mid, rounded, near, close ഇവയോടെല്ലാം സെൻട്രലിനോടു ചേർത്തുവെച്ചാൽ ഓരോരോ സ്വരഭേദങ്ങൾ ലഭിക്കും.)
ഇംഗ്ലീഷ് പറയുമ്പോൾ പോലും മലയാളത്തിലെപ്പോലെ ക്്... എന്നു നീട്ടുന്ന നമ്മുടെ ശീലമില്ലേ? ആ സമയത്തു് അധികമായി പുറപ്പെടുവിക്കുന്ന ആ മൂളലാണു് സംവൃതസ്വരം അഥവാ സംവൃതോകാരം എന്നു വിചാരിക്കാം. റെവ. ജോർജ്ജ് മാത്തൻ അതിനെ അർദ്ധാച്ച് എന്നാണു് വിളിച്ചതു്. അതു് അരയുകാരമാണെന്നു് ചിലർ. 'അ' യുടെത്തന്നെ മൂലമായ ഒരു അപക്വസ്വരമാണെന്നു് മറ്റുചിലർ. ഋകാരത്തിന്റെ ലോലഭാവമാണെന്നും ചിലപ്പോൾ തോന്നും. ഇനി വേണമെങ്കിൽ 'ഇ'-യുടെ ഉദാസീന ഉച്ചാരണമാണെന്നും വിധിക്കാം.
അഡിൿറ്റ് എന്നതിലെ ൿ, വിറകു് എന്നതിലെ കു് ഇവ തമ്മിലുള്ള വ്യത്യാസമാണു് ഈ സ്വരം. എന്നാൽ ഈ സ്വരത്തിനു്/ അർദ്ധസ്വരത്തിനു് ഇപ്പോഴും ഒരു പ്രത്യേക ചിഹ്നം അനുവദിച്ചുകിട്ടിയിട്ടില്ല. ഇതിനെ ഒരു സ്വരമായി കണക്കിൽ കൂട്ടണോ എന്നുപോലും ഇപ്പോഴും നാം തർക്കത്തിലാണു്. ആ തർക്കമാട്ടെ, അതിസങ്കീർണ്ണവുമാണു്.
സംസ്കൃതത്തിലും മറ്റു് ഇന്തോയൂറോപ്യൻ ഭാഷകളിലും വിസർഗ്ഗം വഴിയോ അല്ലാതെയോ വ്യഞ്ജനങ്ങൾ കടുംബ്രേക്കിട്ടു നിർത്താം (വാൿ (സംസ്കൃതം), car, അൽവക്കഫ് / അവ്ക്കഫ് (അറബി), ബാത് (ഉറുദു/ഹിന്ദി). എന്നാൽ ദ്രാവിഡഭാഷകളിൽ അതു് ഏറെക്കുറെ നിഷിദ്ധമാണു്. വക്താവ് ഉച്ചരിക്കുന്ന വാക്കിലെ അവസാനത്തെ വ്യഞ്ജനം കൃത്യമായും കേട്ടിരിക്കണം. അതിനു് എന്തെങ്കിലും ഒരു ഉപായം നിർബന്ധമായും സ്വീകരിച്ചിരിക്കണം.
തെലുങ്കന്മാർ ഇതിനുവേണ്ടി ശുദ്ധസംസ്കൃതവാക്കുകൾക്കൊടുവിൽ മിക്കപ്പോഴും ഒരു ഉകാരം ചേർക്കും. ( ഗാനമു , കുതുരു (മകൾ), അല്ലുഡു (മരുമകൻ), ധന്യവാദലു, അപ്പഗാരു).
കന്നഡിഗർ ഒടുവിലെ വിസർഗ്ഗമോ വ്യഞ്ജനമോ തുറന്നു് അ-കാരത്തിൽ അവസാനിപ്പിക്കും.
തമിഴർ 'അൻ', 'അൾ, 'അർ', 'അയ്', അം' എന്നോ ചിലപ്പോൾ മാത്രം നേരിയ ഒരു സംവൃതത്തിലോ വാക്ക് ഉപസംഹരിക്കും.
മലയാളികൾ ഇങ്ങനെ ചെയ്യാൻ വേണ്ടി സാധാരണ സംവൃതം ഉപയോഗിക്കുന്നതാണു് പതിവു്. ഏതു വിദേശപദം കിട്ടിയാലും നാം അതു് നന്നായി അടച്ചു പൊതിഞ്ഞു മലയാളമാക്കിയിരിക്കും. (ഉദാ: ബസ് - ബസ്സു്, കാർ - കാറു്).
ഉദ്ദേശിക്കുന്ന പദം മലയാളമാണെന്നു് ഉറപ്പിക്കുന്നതിനു് - അതിൽ ഒരു സംവൃതസ്വരം അടങ്ങിയിട്ടുണ്ടെന്നു് എങ്ങനെ എഴുതിക്കാണിക്കാം? അതിനു് തെക്കൻ മലയാളികൾ കണ്ട വഴിയാണു് ഉ കൊണ്ടു് പൊതിഞ്ഞു് ചന്ദ്രകല (ചന്ദ്രക്കല) കൊണ്ടു് അടയ്ക്കുന്ന ശൈലി. (ഉദാഹരണം: അന്ന് v/s അന്നു്). മലബാറുകാർ ചന്ദ്രക്കലയ്ക്കുമുമ്പ് ഇങ്ങനെ ഉകാരം ചേർക്കാറില്ലായിരുന്നു. എന്നാൽ, 1960-കൾ ആയപ്പോഴേക്കും നല്ല എഴുത്തടക്കത്തിന്റെ ഭാഗമായി ഈ രീതി കേരളത്തിലെല്ലായിടത്തും വ്യാപിച്ചു. പക്ഷേ, ടൈപ്പ് റൈറ്റർ യുഗം വന്നപ്പോൾ വീണ്ടും ഇങ്ങനെ അനാവശ്യമായി ഒരച്ചുകൂടി അടിച്ചു് കൈയും അച്ചും സമയവും തേഞ്ഞുപോവണ്ട എന്നു് അന്നത്തെ വിദഗ്ദ്ധന്മാർ തീരുമാനിച്ചു. അതോടെ, പുതിയ ലിപിപരിഷ്കരണത്തിന്റെ ഭാഗമായി, ഉകാരം ചേർത്തു് ചന്ദ്രക്കല എഴുതുന്ന സ്വഭാവം സാർവ്വത്രികമായി ഇല്ലാതായി.
[ഭാഷാതീവ്രവാദം എന്നു തോന്നാമെങ്കിലും, നിരന്തരമായ ഒരു സമരം എന്ന പോലെ, ഞാനും 2006 മുതൽ കമ്പ്യൂട്ടറിൽ ടൈപ്പുചെയ്യുമ്പോൾ ഈ 'പഴയ' പാരമ്പര്യത്തിലേക്കു തിരിച്ചുപോയി. ഞാൻ ഒറ്റയ്ക്കല്ല. ഗൂഗിൾ സെർച്ചിലൂടെ ഒന്നു തെരഞ്ഞുപിടിച്ചാൽ സംവൃ'തോകാരം' നിർബന്ധമായും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ധാരാളം മലയാളികളെ തിരിച്ചറിയാം].
കൂട്ടത്തിൽ, നമുക്കു് ഇല്ലാത്ത ചില വ്യഞ്ജനാക്ഷരങ്ങളെക്കൂടി സൂചിപ്പിക്കാം:
-----------------------------------
മലയാളം അക്ഷരമാലയിൽ ഇനിയും ചേർക്കേണ്ടുന്ന രണ്ടുമൂന്നു ലിപിചിഹ്നങ്ങൾ കൂടിയുണ്ടു്. പനയിലെ ഩ, ഇംഗ്ലീഷിലെ w എന്നതിനു സമമായ, ഒരു പുതിയ ‘വ’, j/y യ്ക്കു സമാനമായ ഒരു പുതിയ ‘യ’, ഇംഗ്ലീഷിലെ fa ഇത്രയുംകൂടിനമുക്കാവശ്യമുണ്ടു്. കൂടുതൽ കൃത്യമായ കമ്പ്യൂട്ടർ തർജ്ജമകൾക്കും അർത്ഥമറിഞ്ഞുള്ള അക്ഷരത്തെറ്റു തിരുത്തലുകൾക്കും ഇവ നിശ്ചയമായും സഹായിക്കും.
(ഇതിൽ പനയിലെ ന - പഩയുടെ ഩ - ഇപ്പോൾ തന്നെ യുണികോഡ് അക്ഷരവിന്യാസപ്പട്ടികയിലുണ്ടു്. പക്ഷേ സാമാന്യഭാഷയിൽ അടുത്ത കാലത്തൊന്നും നാം അതിനെ ഇത്തരമൊരു വ്യതിരിക്തോദ്ദേശ്യത്തോടെ ഉപയോഗിക്കുമെന്നു തോന്നുന്നില്ല. തമിഴിലെ ன -യ്ക്കു സമാനമാണു് ഈ വർണ്ണം.)
ഉച്ചാരണത്തിൽ സമീപസ്ഥങ്ങളാണെങ്കിലും faയും pha യും ഒന്നല്ല. പ-യുടെ അതിഖരമാണു് pha. ‘പ’ തന്നെ ഒന്നുകൂടി കടുപ്പിച്ചുപറയുന്നതുപോലിരിക്കും അതിന്റെ ഛായ. എന്നാൽ (ചിലപ്പോഴെങ്കിലും ഞാൻ അടക്കം) പലരും ആ ശബ്ദം തെറ്റായി, ഇംഗ്ലീഷിലെ fun, fan എന്നിവയിലേതുപോലെയാണുച്ചരിക്കുന്നതു്.
ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം?
മലയാളത്തിനു സ്വന്തമായി ഇല്ലാത്ത ഒരു ശബ്ദം (f) പുറത്തുനിന്നും എത്തിപ്പെട്ടപ്പോൾ, ആരോ തൽക്കാലപരിഹാരമായി ഉപയോഗിച്ചുതുടങ്ങിയ നാൾമുതൽ ഫ എന്ന ലിപിയുടെ ദുര്യോഗം ആരംഭിച്ചു. ഒട്ടകത്തിനു സ്ഥലം കൊടുത്ത അറബിയുടേതുപോലെയായി ‘ഫ’യുടെ കാര്യം. അതിന്റെ മൂലശബ്ദം നാം ഒട്ടും ഉപയോഗിക്കാതായി. ഫലം , ഫാലം തുടങ്ങിയ വാക്കുകളുടെ വായന falam, faalam എന്നിങ്ങനെയായി.
വരമൊഴി മൂലം വായ്മൊഴി വികലമാക്കപ്പെടുന്നതിന്റെ ഉത്തമോദാഹരണങ്ങളിൽ ഒന്നാണിതു്.
മദ്ധ്യതിരുവിതാംകൂറിലെ ചില വാമൊഴികളിൽ ‘ഭ’ എന്ന ശബ്ദത്തേയും ലിപിയേയും fa എന്നുപയോഗിക്കുന്നവരേയും കാണാം. അവരുടെ ശീലം അനുകരിച്ചാൽ fun എന്ന്ഇംഗ്ലീഷ് പദം ഭൺ എന്നു മലയാളത്തിലെഴുതാം. മറ്റുള്ളവരെ ഭ! എന്നു ഭർത്സിക്കാൻ പോലും അവരുടെ ഭാഷാരീതിവഴി പറ്റും. അതിനാൽ, കൺഫ്യൂഷൻ തീർക്കാൻ ഒരു പുതിയ ഫ കൂടി വേണം.
കൂടാതെ, ഇംഗ്ലീഷിലെ Zero, Zoo തുടങ്ങിയവയിലെ z, ഉറുദുവിലെ ഹുസൂർ, ഹിന്ദിയിലെ മേശയുടെ ശ, അറബിയിലെ ذ ,ض , خ തുടങ്ങിയ അര ഡസനെങ്കിലും അക്ഷരങ്ങൾ ഇവയെല്ലാം മലയാളത്തിലും ഉണ്ടാവണം എന്നാണെന്റെ ഇനിയുള്ള അത്യാഗ്രഹം.