Tuesday, 24 March 2020

പരമേശ്വർജി





        

കാവിയുടുക്കാത്തസന്യാസി  ഉത്തരായനത്തെ സാക്ഷിയാക്കി ആ തേജസും അസ്തമിച്ചു.  
          രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്നപ്രചാരകൻ, സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധികമുഖം. കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യം. ഭാരതീയ ദർശനങ്ങളിൽ പഠനങ്ങൾ നടത്തിയതോടൊപ്പം കമ്മ്യൂണിസം പോലുള്ള വൈദേശിക പ്രത്യയ ശാസ്ത്രങ്ങളെ കുറിച്ചും ഗഹനമായപാണ്ഡിത്യം. ഉജ്ജ്വല വാഗ്മി, എഴുത്തുകാരൻ, കവി..  പരമേശ്വർജി  ഹൈന്ദവ ദർശനങ്ങളിൽ ചെറുപ്പം മുതലേ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ആർ.എസ്സ്.എസ്സിന്റെ പ്രവർത്തനത്തിലൂടെ സാമൂഹിക ജീവിതം ആരംഭിച്ചു.
             
              ആലപ്പുഴ ജില്ലയിൽ ചേർത്തല മുഹമ്മ താമരശ്ശേരി ഇല്ലത്തു പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും ഇളയമകനായി 1927 ൽ ജനനം. മുഹമ്മ ലൂതര്‍ എല്‍പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി എസ്ബി കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായി പഠനം. ചരിത്രത്തിൽ സ്വർണ്ണ മെഡലോടെ ബിരുദം. സാംസ്‌കാരിക - സാമൂഹിക മേഖലയിൽ സജീവം ആയിരുന്നു. വിദ്യാർത്ഥി ആയിരിക്കേ രാമകൃഷ്ണ മഠവുമായി - ആഗമനന്ദ സ്വാമികളുമായി ആധ്യാത്മിക ബന്ധം. 

      1950 രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ #പ്രചാരകനായി. ശ്രീ.ഗുരുജിയുടെ നിർദ്ദേശത്തെ തുടർന്ന് 1957 ൽ ഭാരതീയ ജനസംഘം സംഘടനാ സെക്രട്ടറി. 1968 ൽ അഖിലഭാരതീയ ജനറൽ സെക്രട്ടറിയും പിന്നീട് ഉപാധ്യക്ഷനുമായി. 1975 ൽ അടിയന്തിരാവസ്ഥയിൽ ജയിൽ വാസം. 1977 ൽ ഡൽഹി ദീനദയാൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ,  1982 മുതൽ ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടർ,  കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷൻ,  ഭഗവദ് ഗീത പ്രചാരകൻ,  ഗ്രന്ഥ കർത്താവ്‌,  പ്രഭാഷകൻ,  ചിന്തകൻ,  ഒട്ടനവധി ദേശഭക്തി ഗാനങ്ങളുടെ രചയിതാവ് എന്നീ നിലയിൽ ജീവിതം  നീക്കി വെച്ചു.  

       മാര്‍ക്‌സില്‍ നിന്നും മഹര്‍ഷിയിലേക്ക്, മാര്‍ക്‌സും വിവേകാനന്ദനും തുടങ്ങി പാണ്ഡിത്യത്തിന്റെയും വിചാരവിപ്ലവത്തിന്റെയും സവിശേഷതകള്‍ വിളിച്ചോതുന്ന നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രചാരകന്‍, സ്വതന്ത്ര ഭാരതം ഗതിയും നിയതിയും, അരവിന്ദ ദര്‍ശനത്തെ പരിചയപ്പെടുത്തിയ ഭാവിയുടെ ദാര്‍ശനികന്‍ തുടങ്ങിയവ വിചാരമേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിച്ച രചനകൾ നടത്തി . കമ്മ്യുണിസ്റ്റ് താത്വികാചാര്യനായിരുന്ന ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടുമായി നടത്തിയ പൊതു സംവാദങ്ങൾ കേരള രാഷ്ട്രീയ രംഗത്ത് വളരെയധികം ശ്രദ്ധിക്കപെട്ടിരുന്നു. അയോധ്യ ശ്രീ രാമജന്മഭുമി പ്രക്ഷോഭത്തിൽ ജനതാദൾ നേതാവ് ശ്രീ എം പി വീരേന്ദ്രകുമാർ രാമന്റെ ദുഃഖം എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ രാമന്റെ പുഞ്ചിരി എന്ന പേരിൽ പുസ്തകം അദ്ദേഹം എഴുതിയിരുന്നു. *2004 ൽ പത്മശ്രീയും*,  *2018 ൽ പത്മവിഭൂഷണും*  നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 2002 ൽ  *അമൃത കീർത്തി* പുരസ്‌കാരവും 2013 ൽ 
ആർഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരവും   ലഭിച്ചിട്ടുണ്ട്. 

*പ്രധാനരചനകൾ*.. 

ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ

വിവേകാനന്ദനും മാർക്സും

ശ്രീ അരവിന്ദൻ ഭാവിയുടെ ദാർശനികൻ

മാർക്സിൽ നിന്നും മഹർഷിയിലേക്ക്

മാറുന്ന സമൂഹവും മാറാത്ത മൂല്യങ്ങളും

ദിശാബോധത്തിന്റെ ദർശനം

കേരളം ഭ്രാന്താലയത്തിൽ നിന്ന്‌ തീർഥാലയത്തിലേയ്‌ക്ക്‌

ഭഗവദ്‌ഗീത നവലോകക്രമത്തിന്റെ ദർശനം

സ്വതന്ത്രഭാരതം ഗതിയും നിയതിയും

ഹിന്ദുരാഷ്‌ട്രത്തിന്റെ ഹൃദയസ്‌പന്ദനങ്ങൾ

വിശ്വവിജയി വിവേകാനന്ദൻ

ഭാരതം-പ്രശ്‌നങ്ങളും പ്രതിവിധിയും

    *മാനനീയ*.*പരമേശ്വർജിക്ക് പ്രണാമം*.

No comments:

Post a Comment