Friday, 24 June 2022

മാധവ റാവു സദാശിവ റാവു ഗോൾവൽക്കർ

ജൂൺ 5
ശ്രീഗുരുജി
സ്മൃതി ദിനം

മാധവ റാവു സദാശിവ റാവു ഗോൾവൽക്കർ .. 
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക്. ദേശഭക്തിയുടെ അമൃതവാണി മുഴക്കി ജനതയെ ജനാർദ്ദന ഭാവത്തിൽ കണ്ട് രാഷ്‌ട്രസേവനം നടത്താൻ ജനലക്ഷങ്ങൾക്ക് പ്രചോദനമേകിയ കർമ്മയോഗി . രാഷ്‌ട്ര ശരീരത്തിന്റെ ഓരോ അണുവിലും കർമ്മോത്സുകതയുടെ പ്രോജ്ജ്വലനം നടത്തിയ മഹാമനീഷി.

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ജന്തുശാസ്ത്രം പ്രൊഫസറായിരിക്കുന്ന കാലത്താണ് ഗോൾവൽക്കർ സംഘവുമായി അടുക്കുന്നത് . പിന്നീട് സാരഗാച്ഛിയിൽ അഖണ്ഡാനന്ദ സ്വാമികളിൽ നിന്ന് സന്യാസ ദീക്ഷ സ്വീകരിച്ചെങ്കിലും തന്റെ കർമ്മ മണ്ഡലം രാഷ്‌ട്രസേവനമാണെന്ന് തിരിച്ചറിഞ്ഞ് മടങ്ങിയെത്തി. 1940 ൽ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലകായി തെരഞ്ഞെടുക്കപ്പെട്ടു . പിന്നീട് ഭാരതത്തെ അറിഞ്ഞും അറിയിച്ചും നീണ്ട മുപ്പത്തിമൂന്നുവർഷത്തെ കഠിന തപസ് …രാഷ്‌ട്രം മാധവനിലൂടെ കേശവനെ അറിയുകയായിരുന്നു

രാഷ്‌ട്രായ സ്വാഹ ഇദം ന മമ എന്ന മന്ത്രവുമായി അറുപതില്പരം തവണ അദ്ദേഹം ഭാരത പരിക്രമണം ചെയ്തു . ഇതിലൊരിക്കൽ പോലും ഹോട്ടലുകളിൽ താമസിച്ചതുമില്ല . ഡോക്ടർജി പാകിയ സുദൃഢമായ അടിത്തറയിൽ അതിവിശാലമായ സംഘടനാമന്ദിരം അദ്ദേഹം പടുത്തുയർത്തി . ആദ്യം അവഹേളിക്കപ്പെടുകയും പിന്നീട് എതിർക്കപ്പെടുകയും ചെയ്ത ആർ.എസ്.എസ് അംഗീകാരത്തിന്റെ പടവുകൾ കയറുക തന്നെ ചെയ്തു.

ബിജെപിയുടെ പൂർവരൂപമായിരുന്ന ജനസംഘം , വിദ്യാർത്ഥി സംഘടനയായ എ ബി വി പി , ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ ബി എം എസ് , വിശ്വഹിന്ദു പരിഷത്ത് വനവാസികൾക്ക് വേണ്ടി വനവാസി കല്യാണാശ്രമം എന്നിവയെല്ലാം രൂപമെടുക്കുന്നത് ഗുരുജിയുടെ ആശിർവാദത്തോടെയാണ് ..ഭാരതത്തിനു പുറത്തേക്ക് സംഘ പ്രവർത്തനമെത്തുന്നതും ഇക്കാലയളവിലാണ്.

രാഷ്‌ട്രം പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ടപ്പോഴെല്ലാം അദ്ദേഹം മാർഗദർശകനായി നിന്നു. വിഭജന കാലത്ത് ലുധിയാനയിലും അമൃതസറിലും ജലന്ധറിലുമെല്ലാമെത്തി ദുരിതമനുഭവിക്കുന്നവർക്ക് ആത്മവിശ്വാസം നൽകി . സ്വാതന്ത്ര്യത്തിനു ശേഷം കശ്മീരിനേയും ഹൈദരാബാദിനേയും ഭാരതത്തോടൊപ്പം ലയിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1962 ലെ ചൈനീസ് ആക്രമണം അദ്ദേഹം മുൻ കൂട്ടി പ്രവചിച്ചിരുന്നു . എന്നാൽ ഇന്ത്യ- ചീനി ഭായ് ഭായ് എന്ന മുദ്രാവാക്യം മുഴക്കി നടന്നിരുന്ന ഭരണാധികാരികൾ അതിനെ വിടുവായത്തമെന്ന് വിളിച്ചു. ഒടുവിൽ ഗുരുജി പറഞ്ഞതു സംഭവിക്കുകയും ചെയ്തു.

താരതമ്യം ചെയ്യാനാകാത്ത ബൗദ്ധിക വ്യക്തിത്വത്തിലൂടെ ഭാരതത്തിന്‍റെ സംസ്കാരത്തിലൂന്നിയ സംഘടനാ പ്രവര്‍ത്തനം കാഴ്‌ച്ച വച്ച ഗുരുജി 1973 ജൂൺ 5 ന് ലോകത്തോട്‌ വിടപറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് ശക്തി നൽകിയ നേതാക്കളിലൊരാളെ നഷ്ടപ്പെട്ടെന്നാണ് അന്നത്തെ പ്രതിരോധ മന്ത്രി ജഗ്ജീവൻ റാം പാർലമെന്റിൽ പറഞ്ഞത് .വ്യക്തിയില്ലെങ്കിലും സംഘടന മുന്നോട്ടു തന്നെ പോകുമെന്നായിരുന്നു ഗുരുജി എക്കാലവും പറഞ്ഞിരുന്നത് . വ്യക്തിക്കതീതമായി രാഷ്‌ട്രത്തെ മാത്രം മനസിലുറപ്പിച്ച് മുന്നോട്ടു പോകാൻ സംഘത്തിനു കഴിയുന്നതും അതുകൊണ്ട് തന്നെയാണ്..

ബിർസ മുണ്ട

ചരിത്രം എന്നും അധികാരത്തിന്റെയും സമ്പത്തിന്റെയും മതില്‍കെട്ടുകള്‍ക്കുള്ളിലാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്. എന്നാല്‍ തന്റെ ജീവിതം കൊണ്ടു ചരിത്രത്തില്‍ ഇടം നേടിയ ഒരു വനവാസി നേതാവ് ഉണ്ടായിരുന്നു ഭാരതത്തിൽ. ബ്രിട്ടീഷുകാരന്റെ നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് അവര്‍ക്കെതിരെ പടപൊരുതി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചിച്ച ഒരു ദേശാഭിമാനി. ജാര്‍ഖണ്ഡിലെ വനാന്തരങ്ങളില്‍ സ്വ-സമുദായത്തിനും രാജ്യത്തിനും വേണ്ടി പടപൊരുതിയ ആ യുവാവിന്റെ പേരാണ് ബിര്‍സ മുണ്ട. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒരേയൊരു ഗോത്ര നേതാവിന്റെ ചിത്രമേയുള്ളു സാമ്രാജ്യത്വത്തിനും, ജന്‍മിത്വത്തിനും എതിരെ പോരാട്ടം നയിച്ച കരുത്തനായ ഗറില്ലാ പോരാളിയായ ബിര്‍സാ മുണ്ടയുടേതാണ് അത്.

ജൂൺ 9
ബിർസ മുണ്ട 
ബലിദാന ദിനം

ഇന്നത്തെ ജാര്‍ഖണ്ഡില്‍ റാഞ്ചിക്ക് സമീപം ഉലിഹത്തില്‍ 1875 നവംബർ മാസം പതിനഞ്ചാം തിയതിയാണ് വനവാസി ഗോത്ര സമൂഹമായ ‘മുണ്ട’ വിഭാഗത്തില്‍ ‘ബിര്‍സാ മുണ്ട’ ജനിക്കുന്നത്. തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ അവസാനിച്ച ജീവിതത്തിനിടയില്‍ ഭാരതത്തിലെ വനവാസി ജനതയുടെ പോരാട്ട വീര്യത്തെ ചരിത്ര താളുകളില്‍ അദ്ദേഹം രചിച്ച് ചേര്‍ത്തു, നമ്മള്‍ അതികമൊന്നും തിരിച്ചറിയാത്ത, തിരിച്ചറിയാന്‍ ശ്രമിക്കാത്ത ധീരതയുടെ പേരാണ് ബിര്‍സാ മുണ്ട.

1882 ല്‍ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍മെന്റ് വനനിയമം പാസാക്കി, അന്നോളം വനവാസി ജനത പിന്‍തുടര്‍ന്നു പോന്നിരുന്ന തനതായ ജീവിതരീതിയും സംസ്‌കൃതിയും എല്ലാം എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാന്‍ പ്രാപ്തമായിരുന്ന നിയമം. 1894 ല്‍ ആണ് ബിര്‍സയുടെ നേതൃത്വത്തില്‍ വനനിയമത്തെ എതിര്‍ത്ത് ഗോത്ര ജനങ്ങള്‍ ചെറുത്തുനില്‍പ്പ് തുടങ്ങിയത്, അദ്ദേഹത്തിന്റെ 19 ആം വയസ്സില്‍.

വൈദേശിക ശക്തിയുടെ തോക്കിനും പീരങ്കിക്കും മുന്‍പില്‍ ഇന്നത്തെ ജാര്‍ഖണ്ഡ്, ബീഹാര്‍, ഒറീസ എന്നീ സംസ്ഥാനങ്ങളിലാകെ പരന്നു കിടക്കുന്ന വനങ്ങള്‍ കേന്ദ്രീകരിച്ച് അമ്പും വില്ലും വാളുകളും ഉപയോഗിച്ച് ബിര്‍സ തന്റെ ഗറില്ലാ പോരാട്ടം വീര്യം പ്രകടിപ്പിച്ചു. ഇതിനിടയില്‍ പലതവണ ജയിലിലും ഒളിവിലുമായി കഴിയേണ്ടി വന്നു.

ബംഗാളി സാഹിത്യകാരി മഹാശ്വേതാദേവി രചിച്ച സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആര്‍ഗ്‌നിയര്‍ അധികാര്‍ എന്ന നോവല്‍ മുണ്ടാ ജനതവിഭാഗത്തെ സംഘടിപ്പിച്ച് ബിര്‍സ മുണ്ട നടത്തിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രാഖ്യായി ആണ്.

 1900 മാര്‍ച്ചില്‍ ചക്രധാരാപൂര്‍ ജംങ്കോപായ് വനത്തില്‍ വച്ച് മുണ്ട അറസ്റ്റ് ചെയ്യപ്പെട്ടു. റാഞ്ചി ജയിലില്‍ വച്ച് ജൂണ്‍ 9ന് മുണ്ട മരിച്ചു. കോളറ മൂലം മരണം സംഭവിച്ചു എന്ന് ബ്രിട്ടീഷ് ഭരണകൂടം പുറം ലോകത്തെ അറിയിച്ചുവെങ്കിലും മുണ്ട യഥാര്‍ത്ഥത്തില്‍ വധിക്കപ്പെടുകയായിരുന്നു. ആ ധീര ദേശാഭിമാനിക്ക് ശതകോടി പ്രണാമങ്ങൾ

#BirsaMundaBalidanDiwas

ബന്ദ സിങ്ങ് ബഹാദൂർ

ജൂൺ 9
ബന്ദ സിങ്ങ് ബഹാദൂർ
വീര ബലിദാന ദിനം

മുഗള സാമ്രാജ്യത്തിന്റെ അനീതികൾക്കെതിരെ ഉജ്ജ്വലമായ പോരാട്ടം നടത്തിയ സിഖ് യോദ്ധാവാണ് ബന്ദ സിങ് ബഹാദൂർ . 1670 ഒക്ടോബർ 27 നാണ് അദ്ദേഹം ജനിച്ചത് . സന്യാസം സ്വീകരിക്കാൻ വേണ്ടി പതിനഞ്ചാം വയസിൽ തന്നെ വീട് വിട്ടിറങ്ങി. അങ്ങനെ കിട്ടിയ പേരാണ് മദോ ദാസ്. ഗോദാവരി നദീ തീരത്തുള്ള നാന്ദത് എന്ന സ്ഥലത്ത് അദ്ദേഹം തന്റെ ആശ്രമം പണി കഴിപ്പിച്ചു. 1708 സെപ്റ്റംബറിൽ അദ്ദേഹത്തെ ഗുരു ഗോബിന്ദ് സിങ് സന്ദർശിക്കുകയും ബന്ദ ബഹദൂർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഗുരു ഗോവിന്ദ് സിങ്ങ് നൽകിയ പേരാണ് ബന്ദ സിങ് ബഹദൂർ എന്നത്. ഗുരു ഗോബിന്ദ് സിങിന്റെ അനുഗ്രഹവും അദ്ദേഹം നൽകിയ അധികാരവുമായി ജനങ്ങളെ ഒരുമിച്ച് ചേർത്ത് അദ്ദേഹം മുഗൾ സമ്രാജ്യത്തിനെതിരെ പടപൊരുതി.

1709 ൽ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സമാനയെ ആക്രമിച്ചുകൊണ്ടായിരുന്നു മുഗള സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. പഞ്ചാബിൽ അധികാരം സ്ഥാപിച്ച ശേഷം അവിടുത്തെ ജമിന്ദാരി സമ്പ്രദായം നിർത്തലാക്കി, സ്വത്തവകാശം കൃഷിക്കാർക്ക് വിട്ടുകൊടുത്തു. 

1710 മെയ് 12 ന് , ചപ്പാർചിരി യുദ്ധത്തിൽ, സിർഹിന്ദ് ഗവർണർ വസീർ ഖാനെയും ഗുരു ഗോവിന്ദ് സിംഗിന്റെ രണ്ട് ഇളയ പുത്രന്മാരുടെ രക്തസാക്ഷിത്വത്തിന് ഉത്തരവാദികളായ ദിവാൻ സുചാനന്ദിനെയും വധിച്ചു . സർഹിന്ദ് മുഗളന്മാരിൽ നിന്നും പിടിച്ചെടുത്തു.

ബന്ദ സിംഗ് ബഹാദൂറിനെ പരാജയപ്പെടുത്താനും കൊല്ലാനും എല്ലാ ജനറൽമാരോടും ചക്രവർത്തിയുടെ സൈന്യത്തിൽ ചേരാൻ നിർദ്ദേശിച്ചു. മുനിം ഖാന്റെ കൽപ്പന പ്രകാരം മുഗൾ സൈന്യം സിർഹിന്ദിലേക്ക് മാർച്ച് ചെയ്തു. ബന്ദ സിംഗ് ആ സമയം ഉത്തർപ്രദേശിലായിരുന്നു. ബന്ദ സിംഗ് മടങ്ങി എത്തുന്നതിന് മുമ്പ് മുഗളർ സർഹിന്ദും ചുറ്റുമുള്ള പ്രദേശങ്ങളും പിടിച്ചെടുത്തു. 

ബന്ദ സിങ്ങിനെ കൊലപ്പെടുത്താനുള്ള മുഗള സൈന്യത്തിന്റെ ശ്രമങ്ങൾ പല തവണ പരാജയപ്പെട്ടു. 1710 ഡിസംബർ 10 ന് സിഖുകാരെ എവിടെ കണ്ടാലും കൊലപ്പെടുത്താൻ മുഗള ചക്രവർത്തി ഉത്തരവിട്ടു.

1715 ഡിസംബർ 7-ന് മുഗളർ ബന്ദാ സിംഗിനെയും കൂട്ടരെയും പിടികൂടി.ബന്ദ സിംഗ് ബഹാദൂറിനെ ഒരു ഇരുമ്പ് കൂട്ടിലടക്കുകയും ബാക്കിയുള്ള സിഖുകാരെ ചങ്ങലയിൽ ബന്ധിക്കുകയും ചെയ്തു. രണ്ടായിരത്തോളം സിഖ് ജനങ്ങളെ കൊന്നൊടുക്കുകയും അവരുടെ തലകൾ കുന്തത്തിൽ കുത്തി നിർത്തി പ്രദർശിപ്പിക്കുകയും ചെയ്തു. സിഖുകാരുടെ തലകൾ ഘോഷയാത്രയായി ഡൽഹിയിലേക്ക് കൊണ്ടുവന്നു. ബന്ദ സിങ്ങ് ബഹദൂറിനെയും 740 പടയാളികളേയും ഡൽഹി കോട്ടയിൽ തടവിലാക്കുകയും അവരുടെ വിശ്വാസം ഉപേക്ഷിച്ച് മുസ്ലീമാകാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. വിസമ്മതിച്ച അവരെ വധിക്കാൻ ഉത്തരവിട്ടു. ഓരോ ദിവസവും 100 സിഖ് സൈനികരെ കോട്ടയിൽ നിന്ന് കൊണ്ടുവന്ന് പരസ്യമായി കൊലപ്പെടുത്തി. ഇത് ഏകദേശം ഏഴു ദിവസം തുടർന്നു. നാല് വയസ്സുള്ള മകൻ അജയ് സിങ്ങിനെ കൊല്ലാൻ ബന്ദ സിങ്ങിനോട് ആവശ്യപ്പെട്ടു, അത് ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു. അജയ് സിംഗിനെ മുഗളർ കൊല്ലപ്പെടുത്തി അവന്റെ ഹൃദയം മുറിച്ച്, ബന്ദ ബഹ്ദൂറിന്റെ വായിൽ കുത്തിയിറക്കി. മൂന്ന് മാസത്തെ തടവിന് ശേഷം, 1716 ജൂൺ 9 ന്, ബന്ദാ സിംഗിന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടു , കൈകാലുകൾ ഛേദിക്കപ്പെട്ടു, ചർമ്മം നീക്കം ചെയ്തു, തുടർന്ന് അദ്ദേഹം കൊല്ലപ്പെട്ടു.

പിറന്ന നാടിന്റെ മോചനത്തിനായി മുഗള സാമ്രാജ്യത്തിനെതിരെ പോരാടിയ ഭാരതാംബയുടെ വീരപുത്രന് ശതകോടി പ്രണാമങ്ങൾ

#BandaSinghBahadur

രാം പ്രസാദ് ബിസ്മിൽ

കഴുത്തിൽ തൂക്കുകയറിന്റെ നാരുകൾ തൊട്ടപ്പോഴും ചുണ്ടിൽ മുഴങ്ങിയ മന്ത്രം "ജയ് ഹിന്ദ്" .....
1927 ഡിസംബർ 19 ന് ഖൊരഖ്പുർ ജയിലിലെ ആരാച്ചാരുടെ കൈകൾ ആ 30 വയസുകാരന്റെ കഴുത്തിൽ ഇട്ട തൂക്കുകയറിന്റെ ഒരറ്റത്ത് നിന്നു വിറച്ചിരിക്കാം. 

രാം പ്രസാദ് ബിസ്മിൽ -രാജ്യം പാടിയ ഏറ്റവും ജ്വലിക്കുന്ന സ്വാതന്ത്ര്യ സമര ഗീതങ്ങൾ ആദ്യം മുഴങ്ങിയത് ഈ ദേശസ്നേഹിയുടെ ഹൃദയത്തിൽ ആയിരുന്നു.

ജൂൺ 11
രാം പ്രസാദ് ബിസ്മിൽ
ജന്മദിനം

1897 ജൂൺ 11ന് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലായിരുന്നു രാം പ്രസാദിന്റെ ജനനം. ഹിന്ദിയിലും ഉറുദുവിലുമായി അദ്ദേഹം രചിച്ച ദേശഭക്തിഗാനങ്ങൾ ഭാരത ജനതയുടെ സിരകളെ പ്രകമ്പനം കൊള്ളിച്ചു. ചെറുപ്പം മുതൽക്കേ തന്നെ ആര്യസമാജവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു രാം പ്രസാദ്. സ്വാതന്ത്ര്യ സമര നായകനും ആര്യ സമാജ പ്രവർത്തകനും ആയിരുന്ന ഭായി പരമാനന്ദിന്റെ വധശിക്ഷയാണ് അദ്ദേഹത്തിന്റെ ഉള്ളിൽ വിപ്ലവത്തിന്റെ ജ്വാല തീർക്കുന്നത്. 'മേരാ ജനമ്' രചിക്കുമ്പോൾ രാമിന് പ്രായം 18 വയസ്. വിപ്ലവവും സ്വാതന്ത്ര്യവും എണ്ണ പകർന്ന ആ തിരി ബ്രിട്ടീഷ് കൊളോണിയൽ തലച്ചോറുകളെ ചൂടുപിടിപ്പിച്ചു കൊണ്ടേയിരുന്നു.

മാത്രിവേദി, ശിവജി സമിതി തുടങ്ങിയ സംഘടനകളിലൂടെ വിപ്ലവ സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായി അദ്ദേഹം മാറി.1918 ജനുവരി 28 ന് 'മെൻപുരി കി പ്രതിജ്ഞ' എന്ന തന്റെ കവിതയ്ക്കൊപ്പം 'ദേശവാസിയോം കെ നാമ്' എന്ന ലഖുലേഖയും ജനങ്ങൾക്കിടയിൽ അദ്ദേഹം വിതരണം ചെയ്തു, കോണ്ഗ്രസ് പാർട്ടിയുടെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ റിപ്പബ്ലിക് അസോസിയേഷനിൽ ഭഗത് സിംഗും ചന്ദ്രശേഖർ ആസാദുമടക്കമുള്ള ദേശസ്നേഹികൾ പ്രവർത്തിച്ചു.

ബ്രിട്ടീഷ് ഗവണ്മെന്റിന്റെ സ്ഥാപനങ്ങളിൽ അവർ ആസൂത്രിതമായി കവർച്ചകൾ നടത്തി. 1925 ആഗസ്ത് 9ന് ലക്‌നൗവിനടുത്തുള്ള കകോരിയിൽ വച്ച് ട്രെയിൻ തടഞ്ഞ് ഗവൺമെന്റിന്റെ ഖജനാവിലേയ്ക്കുള്ള പണം പിടിച്ചെടുത്തു. ഈ സംഭവത്തിന്റെ പേരിൽ ബ്രിട്ടീഷ് അധികാരികൾ അദ്ദേഹത്തിനും 4 സഹപ്രവർത്തകർക്കും വധശിക്ഷ വിധിച്ചു.

വധ ശിക്ഷ വിധിച്ചു ലക്‌നൗ സെൻട്രൽ ജയിലിലെ 11 ആം ബാരക്കിലും രാംപ്രസാദ് ബിസ്മിലിന്റെ ത്രസിപ്പിക്കുന്ന വാക്കുകൾ 'മേരാ രംഗ് ദേ ബസന്തി ചോല' എന്ന പേരിൽ ആത്മകഥയായി ഉദയം കൊണ്ടു. 

ദേശത്തിനായി ജനിച്ചവൻ
ദേശത്തിനായി മരിച്ചവൻ
മരിക്കുമ്പോഴും ദേശത്തിൻ നാമം 
അമരമാക്കി ജ്വലിച്ചവൻ ...

രാം പ്രസാദ് ബിസ്മിൽ പാടി,

ദേശ്ഹിത്‌ പൈദാ ഹുയെ ഹെ
ദേശ് പർ മർ ജായേംഗേ
മർതേ മർതേ ദേശ് കോ
സിംദാ മഗർ കർ ജായേംഗേ ...

✍️ ശ്രീലക്ഷ്മി. ആർ

ഗണേഷ് ദാമോദർ സവർക്കർ

ആൻഡമാൻ ദ്വീപുകളിലെ സെല്ലുലാർ ജയിൽ ഏതൊരു സ്വാതന്ത്ര്യ സമര സേനാനിയുടെയും മനോവീര്യം തകർക്കുന്ന സ്ഥലമായിരുന്നു. ഏകാന്ത തടവ് മുതൽ എണ്ണയാട്ടുന്ന ചക്കിൽ കാളകൾകൾക്ക് പകരം പൂട്ടിയിടപ്പെട്ട് ചക്ക് തിരിക്കുക തുടങ്ങിയവയായിരുന്നു ശിക്ഷകൾ. സവർക്കർ സഹോദരൻമാരായ വിനായകും ഗണേഷും ഒരു ദശാബ്ദത്തോളം ഏറ്റവും മോശമായ പീഡനങ്ങൾ അനുഭവിച്ചത് ഇവിടെയാണ്

ജൂൺ 13
ഗണേഷ് ദാമോദർ സവർക്കർ 
ജന്മദിനം

സവർക്കർ സഹോദരൻമാരിലെ മൂത്തയാളായിരുന്നു ഗണേഷ് ദാമോദർ സവർക്കർ. വിനായക് , നാരായൺ എന്നിവർ അദ്ദേഹത്തിന്റെ അനുജൻമാരും മൈനാബായി അനുജത്തിയുമായിരുന്നു. ബാബറാവു എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. ചെറുപ്പത്തിലേ തന്നെ മാതാപിതാക്കൾ മരണപ്പെട്ടതിനെ തുടർന്ന് കുടുംബത്തിന്റെ സംരക്ഷണവും ബാധ്യതയും ഗണേഷ് സവർക്കറിലായി. 

അഭിനവ് ഭാരത് സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു ഗണേഷ് സവർക്കർ.
ഭാരതത്തിലെ ബ്രിട്ടീഷ് കൊളോണിയൽ ഗവൺമെന്റിനെതിരെ അദ്ദേഹം സായുധ പ്രസ്ഥാനത്തിന് നേതൃത്വം നൽകി.1906-ൽ വിനായക് സവർക്കർ ലണ്ടനിലേക്ക് പോയതിനുശേഷം 'അഭിനവ് ഭാരത്' സംഘടനയുടെ പ്രവർത്തനങ്ങൾ ഗന്നേഷ് സവർക്കർ വിജയകരമായി നടത്തി. യുവജനങ്ങളെ ഉൾപ്പെടുത്തി അദ്ദേഹം സംഘടന കെട്ടിപ്പടുത്തു. ശാരീരികവും ബൗദ്ധികവുമായ തലങ്ങളിൽ അദ്ദേഹം പരിശീലനം നൽകി. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. 'വന്ദേമാതരം', 'സ്വാതന്ത്ര്യലക്ഷ്മി കീ ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസുകൾ ഫയൽ ചെയ്യപ്പെട്ടു. എന്നിട്ടും അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ തുടർന്നു. പണം ശേഖരിച്ച് ലണ്ടനിൽ നിന്ന് വിനായക് അയച്ച മാസിനിയുടെ (ഇറ്റലിയുടെ സ്വാതന്ത്ര്യ സമരസേനാനി) ജീവചരിത്രം അദ്ദേഹം പ്രസിദ്ധീകരിച്ചു. ദേശഭക്തി ഗാനങ്ങൾ എഴുതി. 'രണവിന സ്വാതന്ത്ര്യ മിലേഖ (യുദ്ധമില്ലാതെ സ്വാതന്ത്ര്യം ലഭിക്കില്ല)...' എന്ന തത്വത്തിന് ഊന്നൽ നൽകി കവി ഗോവിന്ദ് എഴുതിയ ഗാനം അദ്ദേഹം പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് സർകാരിനെതിരായ ഇത്തരം പ്രവർത്തനങ്ങളെത്തുടർന്ന് ബ്രിട്ടീഷുകാർ അദ്ദേഹത്തിനെതിരെ കേസെടുത്തു. 1908-ൽ തിലകിനെ 6 വർഷത്തെ തടവിന് ശിക്ഷിച്ചപ്പോൾ 1909-ൽ ഗണേഷ് സവർക്കറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ആൻഡമാനിലേക്ക് അയച്ചു.

1922-ൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം അദ്ദേഹം യുവ 'ഹിന്ദു സഭ' സ്ഥാപിച്ചു. ഭഗത് സിംഗ്, രാജ്ഗുരു, ചന്ദ്രശേഖർ ആസാദ്, വി ബി ഗോഗട്ടെ, താത്യാറാവു തുടങ്ങിയ വിപ്ലവകാരികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു . ഭഗത് സിങ്ങിന്റെ വധശിക്ഷ റദ്ദാക്കാൻ ഗണേഷ് സവർക്കർ കോൺഗ്രസ് നേതാക്കളെയും മറ്റുള്ളവരെയും കണ്ടു. ഗണേഷ് സവർക്കർ എഴുതിയ കത്തുകൾ 'എംപയർ' തീയേറ്ററിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ വീണ്ടും 4 വർഷം തടവിലാക്കി. ഈ കാലയളവിൽ അദ്ദേഹം 'രാഷ്ട്രമീമാംസ' എന്ന പുസ്തകം രചിച്ചു. ഈ പുസ്തകത്തിൽ, 'ഹിന്ദുസ്ഥാൻ ഒരു ഹിന്ദു രാഷ്ട്രമാണ്' എന്ന ആശയത്തിന് അദ്ദേഹം അടിത്തറ പാകി.

ഭാരത രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനും സ്ഥാപനത്തിനും വേണ്ടി അദ്ദേഹം എപ്പോഴും പ്രവർത്തിച്ചു. 1945 മാർച്ച് 16 -ന് അദ്ദേഹം അന്തരിച്ചു.

ജീജാബായ്

ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്ന് സ്ഥാപിച്ച മറാത്ത രാജാവായിരുന്ന ഛത്രപതി ശിവാജിയുടെ അമ്മയായിരുന്നു ജിജാബായ് . 

മഹാരാഷ്ട്രയിലെ സിന്ധ്ഖേഡ് പട്ടണത്തിൽ 1598 ജനുവരി 12-ന് പ്രമുഖ മറാത്ത സർദാർ ലഖുജി ജാദവ്‌റാവുവിന്റേയും മലസാ ബായിയുടേയും മകളായിട്ടാണ് ജിജാബായി ജനിച്ചത്. ചെറുപ്പത്തിലേ തന്നെ കുതിര സവാരിയിലും വാൾപ്പയറ്റിലും ജീജാബായി പ്രാവീണ്യം നേടി.
പ്രസിദ്ധമായ കസ്ബപേത്ത് ഗണപതി ക്ഷേത്രം സ്ഥാപിച്ച ജീജാബായി കെവേരേശ്വര ക്ഷേത്രവും താംബ്ഡി ജോഗേശ്വരി ക്ഷേത്രവും നവീകരിക്കുകയും ചെയ്തു.

സദ്‌ഗുണത്തിനും വീര്യത്തിനും ദീർഘവീക്ഷണത്തിനും പേരുകേട്ടവളായിരുന്ന ജീജാബായി ആ ഗുണങ്ങളെല്ലാം തന്നെ തന്റെ മകൻ ശിവാജിക്ക് കൈമാറി.
ശിവജിയെന്ന ഹിന്ദു ഹൃദയ സാമ്രാട്ടിനെ വളർത്തിയെടുക്കുന്നതിൽ ജീജാബായി വഹിച്ച പങ്ക് വളരെ വലുതാണ്. 

ജീജാബായ് തന്റെ മകന് അധർമ്മിയായ രാവണനെ വധിച്ച ഭഗവൻ ശ്രീരാമന്റെ കഥ പറഞ്ഞ് കൊടുത്തു .....
ധർമ്മം പുനഃസ്ഥാപിക്കാൻ അവതാരം പൂണ്ട ഭഗവാൻ കൃഷ്ണന്റെ കഥ പറഞ്ഞ് കൊടുത്തു .....
 ധർമ്മപുത്രരേ പോലെ ധർമ്മിഷ്ഠനാകാൻ പഠിപ്പിച്ചു ....
രാജനീതിയും പ്രജാസംരക്ഷണവും പഠിപ്പിച്ചു...

ജീജബായി തന്റെ മകനെ ശക്തനായ,ധർമ്മിഷ്ഠനായ പ്രജാക്ഷേമ തത്പരനാകാൻ പഠിപ്പിച്ചു,ആത്മാഭിമാനം പണയം വയ്ക്കാതെ രാഷ്ട്രത്തെ വീണ്ടെടുത്ത് ധർമം പുനഃസ്ഥാപിക്കുവാൻ പ്രേരിപ്പിച്ചു അടിമത്വത്തിൽ നിന്ന് മോചനം നേടാൻ ആഹ്വാനം ചെയ്തു....

ഒടുവിൽ കുട്ടിക്കാലത്തു തന്നെ തന്റെ കളികൾ എന്ന പോലെ ഓരോരോ കോട്ടകളായി ഛത്രപതി പിടിച്ചടക്കി മുന്നേറി...തന്റെ മാതാവിന് കൊടുത്ത വാക്ക് പാലിച്ചുകൊണ്ട് ഓരോ തവണയും മുന്നേറി...രാഷ്ട്രത്തിന്റെ ആത്മാവിനെ,തളർന്ന ഒരു വലിയ ജനതയെ പോരാടാൻ പ്രേരിപ്പിച്ചു..സ്വയം ഒരു മാതൃകയായി....
അമ്മ ജീജാബായിയിൽ നിന്ന് പകർന്ന് ലഭിച്ച ഗുണങ്ങൾ ജീവിതാവസാനം വരെ ശിവജി ജീവിതത്തിൽ പാലിച്ചു.

ഒടുവിൽ ഛത്രപതി ശിവജിയുടെ സിംഹാസനാരോഹണം കൺകുളിർക്കെ കണ്ട ആ വീരാംഗന പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം 1674 ജൂൺ 17 ന് തന്റെ ദൗത്യം പൂർത്തിയാക്കി പരമാത്മാവിൽ വിലയം പ്രാപിച്ചു.

#MathaJijabai

ജൂൺ 23ഡോ.ശ്യാമ പ്രസാദ് മുഖർജിബലിദാന ദിനം


ഏക് ദേശ് മേം
ദോ വിധാൻ
ദോ പ്രധാൻ
ദോ നിശാൻ
നഹി ചെലേംഗേ....

ജൂൺ 23
ഡോ.ശ്യാമ പ്രസാദ് മുഖർജി
ബലിദാന ദിനം

സ്വാതന്ത്ര്യത്തിനുശേഷം, ഭാരതീയരുടെ മനസ്സിൽ ദേശീയ അവബോധം ഏറ്റവും ആർജവത്തോടെ ഊട്ടിയുറപ്പിച്ചത്, ദേശീയോദ്ഗ്രഥനത്തിനുവേണ്ടി അവിശ്രമം പ്രയത്നിച്ചത്, സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ആദ്യമായി ഒരു രാഷ്ട്രീയ ബദലിന്റെ സാദ്ധ്യതകൾ തേടിയത് ഡോ. ശ്യാമപ്രസാദ് മുഖർജിയായിരുന്നു. സ്വതന്ത്ര ഭാരതത്തിൽ ഏറെനാൾ ജീവിച്ചിരിക്കാൻ ഡോ. മുഖർജിക്ക് സാധിച്ചില്ല എങ്കിലും, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവും പോരാട്ടങ്ങളും ഭാരതീയ രാഷ്ട്രീയ ഭൂമികയിൽ പിന്നീടങ്ങോട്ടും രൂഢമൂലമാവുക തന്നെ ചെയ്തു

ജമ്മു കശ്മീരിലെ പ്രശ്‌നം വളരെ നേരത്തെ തന്നെ മനസിലാക്കിയ ഡോ. മുഖർജിയാണ് പ്രസ്തുത സമസ്യക്ക് ഒരു സമ്പൂർണ്ണ പരിഹാരം ആവശ്യപ്പെട്ട് ആദ്യമായി ശബ്ദമുയർത്തിയത്. ബംഗാൾ വിഭജനം നടക്കുമ്പോൾ ഇന്ത്യയുടെ അവകാശങ്ങൾക്കും താൽപര്യങ്ങൾക്കുമായി വിജയകരമായി പോരാടിയതും അദ്ദേഹമായിരുന്നു. വൈദേശിക പ്രത്യയശാസ്ത്രങ്ങളും ഉപദേശങ്ങളും ഇന്ത്യക്കാർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന കോൺഗ്രസിന്റെ നയപരിപാടികൾ തുറന്നെതിർക്കാൻ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഡോ. മുഖർജി ഏറെ ആർജവം കാണിച്ചു. ‘ഭാരതം, ഭാരതീയം, ഭാരതീയത’ എന്ന രാഷ്ട്രീയ-സാമൂഹിക പ്രത്യയശാസ്ത്രം വിഭാവനം ചെയ്യുന്നതിലും, അത് നടപ്പിലാക്കുന്നതിലും ഡോ. മുഖർജി ഏറെ ഉത്സാഹിച്ചു. 

സ്വാതന്ത്ര്യാനന്തരം, നെഹ്‌റു സർക്കാരിലെ ഇന്ത്യയിലെ ആദ്യത്തെ വ്യവസായ വിതരണ മന്ത്രിയായിരുന്നു ഡോ. മുഖർജി. തുടക്കത്തിൽ നെഹ്‌റു സർക്കാരിന്റെ ഭാഗമായി എങ്കിലും 'നെഹ്‌റു-ലിയാഖത്ത്' കരാറിൽ കോൺഗ്രസ് ഹിന്ദുക്കളുടെ താൽപ്പര്യങ്ങൾ പൂർണമായും അവഗണിച്ചതിനെത്തുടർന്ന് അദ്ദേഹം ക്യാബിനറ്റിൽ നിന്ന് രാജിവെച്ചു. അദ്ദേഹത്തിന്റെ അന്തഃകരണത്തിൽ ജ്വലിച്ചു നിന്ന പ്രത്യയശാസ്ത്ര ബോധത്തിന്റെ ഉത്തമോദാഹരണമാണ് ഈ രാജി. ഡോ. മുഖർജി ഒരിക്കലും തന്റെ പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതകളിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. രാജ്യത്ത് ഒരു രാഷ്ട്രീയ ബദൽ ഉയർന്നുവരുന്നതിന്റെ മുന്നോടിയായിരുന്നു നെഹ്‌റു മന്ത്രിസഭയിൽ നിന്നുള്ള മുഖർജിയുടെ രാജി.
  
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഒത്തുചേർന്നു പോരാടുന്നതിനുവേണ്ടി മാത്രമാണ്, വിവിധ പ്രത്യയ ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന പല രാഷ്ട്രീയ നേതാക്കളും പൊതുജനവും കോൺഗ്രസിന്റെ ബാനറിൽ ഒന്നിച്ചതെന്ന് നമുക്കെല്ലാം അറിവുള്ള വസ്തുതയാണ്. രാജ്യം സ്വാതന്ത്രമായതിനു ശേഷമുള്ള കാലഘട്ടത്തിൽ, രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയശൂന്യത നികത്താൻ, കോൺഗ്രസിന് ബദലായി ഒരു രാഷ്ട്രീയ പാർട്ടി വേണം എന്ന ദിശയിൽ ചർച്ചകൾ പുരോഗമിക്കുകയുണ്ടായി. നമ്മുക്ക് പൈതൃകമായി സിദ്ധിച്ച സാംസ്കാരിക ദേശീയതയിൽ ഊന്നിനിന്നുകൊണ്ട്, ദേശീയോദ്ഗ്രഥനത്തിനായി പ്രവർത്തിക്കുന്ന, അതേസമയം പ്രീണനങ്ങളെ ചെറുക്കുന്ന ഒരു നവരാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനായി ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അന്ന്. ഈയൊരു സങ്കല്പത്തിന്റെ പതാകവാഹകനായി ഉയർന്നുവന്നത് ഡോ. ശ്യാമ പ്രസാദ് മുഖർജിയാണ്. ഈ ചർച്ചകൾ ഒടുവിൽ ചെന്നവസാനിക്കുനത് ജനസംഘത്തിന്റെ രൂപീകരണത്തിലാണ്.

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായിട്ടാണ് 1951 ഒക്ടോബർ 21 -ന് ഇന്ത്യയിൽ ജനസംഘം രൂപീകൃതമാവുന്നത്. ദേശീയതയുടെയും ഭാരതീയതയുടെയും ജനിതകഗുണങ്ങളുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ വിത്തുകൾ വിതച്ചത് ജനസംഘമെന്ന മുന്നേറ്റമാണ്. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി, പല സുപ്രധാന നാഴികക്കല്ലുകൾ കടന്ന്, നിരവധി യുദ്ധങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ്, നമ്മൾ ഇന്നത്തെ രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്.  

1951-52 ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ തന്നെ മൂന്ന് സീറ്റുകൾ നേടാൻ ജനസംഘിന് സാധിച്ചു. കൊൽക്കത്ത സീറ്റിൽ ഉജ്ജ്വലവിജയം നേടി ഡോ. ശ്യാമ പ്രസാദ് മുഖർജി അന്ന് പാർലമെന്റിലും എത്തി. ചിന്തകളുടെ വ്യക്തത, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത, വിഹഗവീക്ഷണം എന്നിവ നേരിൽ ബോധ്യപ്പെട്ട പ്രതിപക്ഷ പാർട്ടികൾ ചേർന്ന് മുഖർജിയെ ലോക്സഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. പ്രതിപക്ഷനേതാവ് എന്ന നിലയിൽ ഡോ. മുഖർജി ജനങ്ങളുടെ പ്രശ്നങ്ങൾ ശക്തമായി ഉന്നയിച്ചു, പ്രതിപക്ഷത്തെ സിംഹഗർജ്ജനമായി അന്ന് ഡോ. മുഖർജി ഉയർന്നുവന്നു.

ജമ്മുകാശ്മീരിനുമേൽ ആർട്ടിക്കിൾ 370 നടപ്പിലാക്കിയതും, പെർമിറ്റ് സിസ്റ്റം കൊണ്ടുവന്നതും ഇന്ത്യയുടെ ഐക്യത്തിന് വിഘാതമാണ് എന്ന് ഡോ. മുഖർജി അന്നേ മനസ്സിലാക്കിയിട്ടുണ്ട്. 1952 ജൂൺ 26 ന് ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോൾ ഡോ. മുഖർജി പറഞ്ഞത് ജനാധിപത്യ-ഫെഡറൽ ഇന്ത്യയിൽ, ഒരു സംസ്ഥാനത്തെ പൗരന്മാരുടെ അവകാശങ്ങളും അധികാരങ്ങളും മറ്റൊരു സംസ്ഥാനത്തിന്റേതിൽ നിന്ന് വ്യത്യസ്തമാകുന്നത് ഇന്ത്യയുടെ സമഗ്രതയ്ക്കും ഐക്യത്തിനും ഹാനികരമാണ്. ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റ് സംവിധാനത്തെ അദ്ദേഹം അന്നുതന്നെ ശക്തമായി എതിർക്കുന്നുണ്ട്.

പെർമിറ്റ് എടുക്കാൻ വിസമ്മതിച്ച്‌ ജമ്മുവിൽ പ്രവേശിക്കുന്നതിനിടെയാണ് ഡോ. മുഖർജി അറസ്റ്റിലായത്. അതേ തുടർന്ന്, ഇന്ത്യയിലുടനീളം വൻ പ്രതിഷേധത്തിനും അറസ്റ്റിനും കാരണമായി. അറസ്റ്റിലായി 40 ദിവസത്തിനുശേഷം 1953 ജൂൺ 23 ന്, ഭാരതത്തിന്റെ ധീരനായ ഈ സല്പുത്രൻ, ഡോ. ശ്യാമപ്രസാദ്മുഖർജി, ജമ്മുവിലെ സർക്കാർ ആശുപത്രിയിൽ ഏറെ ദുരൂഹമായ സാഹചര്യങ്ങളിൽ അന്തരിക്കുന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളിലേക്ക് നയിച്ചെങ്കിലും അന്നത്തെ നെഹ്‌റു സർക്കാർ അതിനെയൊക്കെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോയി. ഡോ. മുഖർജിയുടെ അമ്മ യോഗമയ ദേവി തന്റെ മകന്റെ നിഗൂഢമായ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കാണിച്ച് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന് കത്തെഴുതിയെങ്കിലും ആ അഭ്യർത്ഥനയും നിരസിക്കപ്പെട്ടു. ഡോ. മുഖർജിയുടെ അറസ്റ്റും മരണവും സംബന്ധിച്ച പല കാര്യങ്ങളും ഇന്നും ഒരു പ്രഹേളികയായിത്തന്നെ തുടരുകയാണ്. 

"ഒരു രാജ്യത്ത് രണ്ടു ഭരണഘടനകളും, രണ്ടു പ്രധാനമന്ത്രിമാരും, രണ്ടു പതാകകളും" എന്നത് അനുവദനീയമല്ല എന്ന് തുടക്കം തൊട്ടുതന്നെ ഡോ. മുഖർജി പറഞ്ഞിരുന്നു. ഈ മുദ്രാവാക്യം ആദ്യം ജനസംഘത്തിന്റെയും പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെയും നയവും മാർഗ്ഗനിർദ്ദേശക തത്വവുമായി മാറി. ഒരു രാജ്യത്തിനുള്ളിൽ രണ്ടു നിയമവും, രണ്ടു പതാകയും അനുവദിക്കരുത് എന്ന ഡോ. മുഖർജിയുടെ സ്വപ്നം എന്നെങ്കിലും പൂർത്തീകരിക്കുമോ എന്നറിയാൻ ഇന്ത്യൻ ജനതയ്ക്ക് കാത്തിരിക്കേണ്ടി വന്നത് പതിറ്റാണ്ടുകളാണ്. 

ഇതൊരു പ്രത്യയശാസ്ത്ര യുദ്ധമായിരുന്നു. ഒരു വശത്ത്, പ്രീണന രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളായ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ, മറുവശത്ത് 370 ആർട്ടിക്കിൾ നിർത്തലാക്കുക തന്നെ വേണം എന്ന ഇച്ഛാശക്തിയോടെ ബിജെപിയും. അത് ജനസംഘത്തിന്റെ കാലഘട്ടമായാലും ബിജെപിയുടെ യാത്രയായാലും , നമ്മുടെ പ്രത്യയശാസ്ത്രത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. നമ്മുടെ ലക്‌ഷ്യം എന്നും അഖണ്ഡഭാരതം തന്നെ ആയിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗംഭീരമായ ഇച്ഛാശക്തിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കാര്യക്ഷമമായ തന്ത്രവും ആസൂത്രണവും കാരണമാണ് ആർട്ടിക്കിൾ -370 എന്നേക്കുമായി നീക്കം ചെയ്യുന്നതിൽ ഇന്ത്യ 2019 ഓഗസ്റ്റിൽ വിജയിച്ചത്. “ഒരു ഭരണഘടന, ഒരു പ്രധാനമന്ത്രി, ഒരു പതാക” എന്നിവയിൽ ഭാരതത്തെ കാണണമെന്ന ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ആഗ്രഹം ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിറവേറ്റുക തന്നെ ചെയ്തു.

ആർട്ടിക്കിൾ 370 നീക്കംചെയ്ത്, ജമ്മു കശ്മീരിനെ അക്ഷരാർത്ഥത്തിൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി, ഇന്ത്യയെ കൂടുതൽ ശക്തമായ ഒരു രാഷ്ട്രമാക്കി മാറ്റണമെന്ന ആഗ്രഹം സാക്ഷാത്കരിക്കുന്നതിൽ ഡോ. മുഖർജി ചെയ്തിട്ടുള്ള പരമമായ ത്യാഗങ്ങൾ പാഴായില്ല. പ്രത്യയശാസ്ത്രത്തോട് ആത്മാർത്ഥമായി പ്രതിജ്ഞാബദ്ധരായി നിലകൊള്ളുകയും അഖണ്ഡമായ ഒരു ഭാരതത്തിനുവേണ്ടി അശ്രാന്തം പരിശ്രമിക്കുകയും ആ ശ്രേഷ്ഠമായ ലക്ഷ്യത്തിനായി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത, ഭാരതാംബയുടെ ഈ ധീരപുത്രന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ജൂൺ 24റാണി ദുർഗ്ഗാവതിവീരാഹുതി ദിനം


മുഗളന്മാർക്കെതിരെ നിരന്തരമായി പോരാടി അവരുടെ പേടിസ്വപ്നമായിത്തീർന്ന മഹാറാണാ പ്രതാപിനെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും ....
എന്നാൽ അദ്ദേഹത്തിനും വളരെ മുമ്പ് മുഗള സാമ്രാജ്യത്തെ വിറപ്പിച്ച ഒരു ധീര വനിത ഇവിടെ ജീവിച്ചിരുന്നു....
ആ വീര നായികയുടെ പേരാണ് റാണി ദുർഗ്ഗാവതി...

ജൂൺ 24
റാണി ദുർഗ്ഗാവതി
വീരാഹുതി ദിനം

1524 ഒക്ടോബർ 5 ന് ദുർഗ്ഗാഷ്ടമി നാളിൽ ഉത്തർപ്രദേശിലെ ചന്ദേൽ രാജകുടുംബത്തിൽ അതിതേജ്വസിയായ ഒരു പെൺകുട്ടി പിറന്നു. ദുർഗ്ഗാഷ്ടമി നാളിൽ പിറന്നതിനാൽ അവൾക്ക് ദുർഗ്ഗാവതി എന്ന് പേരിട്ടു.

പതിനെട്ടാം വയസിൽ ഗോംഡിലെ രാജാവായ സംഗ്രാം ഷായുടെ മകൻ ദളപത ഷായെ ദുർഗ്ഗാവതി വിവാഹം കഴിച്ചു. മകൻ വീരനാരായണന്റെ ചെറുപ്പത്തിൽ തന്നെ ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് ദുർഗാവതി രാജ്യഭരണം ഏറ്റെടുത്തു. ആ രാജവംശത്തിലെ ആദ്യ വനിതാരാജാവായി.

രാജ്യഭരണം വനിത ആയതു കൊണ്ട് സാഹചര്യം ദുർബലമാണെന്നായിരുന്നു അക്ബർ ഉൾപ്പെടെയുള്ള ശത്രുക്കൾ കരുതിയത്. അവർ പലതരം സമ്മർദ്ദ തന്ത്രങ്ങൾ പയറ്റി നോക്കി. മധ്യഭാരതത്തിൽ തേരോട്ടം തുടങ്ങിയ അക്ബർ ഗോംഡിലെ മഹാറാണിയായിരുന്ന ദുർഗാവതിയോട് കീഴടങ്ങാൻ സന്ദേശമയച്ചു. സ്വാഭാവികമായും റാണി തെരെഞ്ഞെടുത്തത് യുദ്ധമായിരുന്നു.

1563 ൽ മുഗൾ സൈന്യാധിപൻ സർദാർ ആസിഫ് ഖാന്റെ ആക്രമണത്തെ ദുർഗാവതി ചെറുത്തു. ചെറിയ സൈന്യത്തെ ഉപയോഗിച്ചു കൊണ്ടുള്ള റാണിയുടെ വ്യൂഹരചനയും യുദ്ധനൈപുണ്യവും കണ്ട് മുഗളന്മാർ അമ്പരന്നു. ഒരു മലഞ്ചെരുവിൽ വെച്ച് ആസിഫ് ഖാനും റാണിയും മുഖാമുഖം ഏറ്റുമുട്ടി. ഇതിനിടയിൽ റാണിയുടെ ഒളിപ്പോരാളികൾ മുഗൾ സൈന്യത്തിന് കനത്ത നാശനഷ്ടങ്ങൾ വരുത്തി. 

ഇത്തരത്തിൽ മൂന്നു തവണ ഏറ്റുമുട്ടിയിട്ടും അക്ബറിന്റെ വലുതും ആധുനികവുമായ സൈന്യത്തിന് റാണിയുടെ ചെറിയ സൈന്യത്തെ ഒന്നും ചെയ്യാനായില്ല. 

ഒരു വർഷം കഴിഞ്ഞ് ആസിഫ് ഖാൻ റാണിയെ അപായപ്പെടുത്തുന്നതിൽ ഭാഗികമായി വിജയിച്ചു. പരിക്കേറ്റ മകനെയും വെറും മുന്നൂറു പേരുടെ സൈന്യത്തെയും പരിരക്ഷിച്ചുകൊണ്ട് റാണി പോരാട്ടം തുടർന്നു. തോളത്തേറ്റ അമ്പെടുത്തു മാറ്റാതെ റാണി പോരാടിയതിന്റെ വീരചരിതങ്ങൾ ഉത്തരേന്ത്യയിൽ നാടൻ ശീലുകളാണ്. തുടർന്ന് കണ്ണിന് അമ്പേറ്റു ഗുരുതരമായി പരിക്കേറ്റ റാണി ദുർഗാവതി യുദ്ധരംഗത്തു നിന്നു പിന്മാറി. മൂന്നു തവണ മുഗളരെ തുരത്തിയ ആ വീരാംഗന അവർക്കു മുന്നിൽ തല കുമ്പിടാൻ ഒരുക്കമില്ലായിരുന്നു.

ശത്രുവിന്റെ കൈപ്പടയും കരവാളും തന്റെ ശരീരത്തിൽ പതിക്കരുതെന്ന് ശഠിച്ച റാണി ദുർഗാവതി,1564 ജൂൺ 24ന് സ്വന്തം കഠാര ശരീരത്തിൽ കുത്തിയിറക്കി മരണം വരിച്ചു. 

#RaniDurgavathi

സംഘത്തിന്റെ സ്ഥാപകൻ ഡോ.കേശവ ബലിറാം

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മൃതി ദിനമാണ് ജൂൺ 24.

ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് സമന്വയത്തിന്റെയും സമർപ്പണ ത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകാൻ ലക്ഷ്യമിട്ട് 1925 ലാണ് ഡോ കേശവബലിറാം ഹെഡ്‌ഗേവാർ രാഷ്‌ട്രീയ സ്വയംസേവക സംഘം ആരംഭിക്കുന്നത്. ഭാരതത്തിന്റെ കഴിഞ്ഞ നൂറു വർഷത്തെ ചരിത്രത്തിൽ നിർണായകമായ പങ്ക് വഹിക്കാൻ കഴിഞ്ഞ പ്രസ്ഥാനത്തിന്റെ സ്ഥാപകനെന്ന നിലയിൽ ഡോക്ടർജിയുടെ സംഭാവന ഏറെ വിലപ്പെട്ടതാണ്

ചെറുപ്പകാലത്ത് തന്നെ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം നാഗപ്പൂരിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്നു . ദേശാഭിമാന പ്രചോദിതമായ പ്രസംഗങ്ങളെത്തുടർന്ന് 1921 ൽ ഒരു വർഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തടവറയിൽ കഠിനശിക്ഷ അനുഭവിച്ചു.

”ബ്രിട്ടനെ ആക്രമിച്ച് ഭരിക്കുവാനോ അധീനമാക്കുവാനോ ഞങ്ങൾക്ക് തെല്ലും ഉദ്ദേശ്യമില്ല. ബ്രിട്ടീഷുകാർ ബ്രിട്ടൻ ഭരിക്കുന്നതു പോലെ , ജർമ്മൻകാർ ജർമ്മനി ഭരിക്കുന്നത് പോലെ ഞങ്ങൾക്ക് മാതൃഭൂമിയിൽ സ്വയം ഭരണം നടത്താൻ അവകാശമുണ്ട് . വിദേശികളുടെ അടിമകളായി തുടരുന്നു എന്ന ചിന്തയിൽ ആ അപമാനവും ഞങ്ങളുടെ മനസ്സിൽ ദേഷ്യമുണർത്തുന്നു . പൂർണ്ണ സ്വാതന്ത്ര്യമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് . അതു നേടുന്നതു വരെ ശാന്തമായി അടങ്ങിയിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല . ഞങ്ങളുടെ ഭൂമിയിൽ ഞങ്ങൾക്കു സ്വാതന്ത്ര്യം വേണമെന്ന ആവശ്യം നീതിക്കോ നിയമത്തിനോ എതിരാണോ ? നിയമം നിലനിൽക്കുന്നത് നീതിയെ നശിപ്പിക്കാനല്ല , നടപ്പിലാക്കാനാണ് എന്നാണെന്റെ വിശ്വാസം . അതായിരിക്കണം നിയമത്തിന്റെ പ്രധാന ഉദ്ദേശ്യവും . ‘

നാഗ്പ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടർ കേശവ ബലിറാം ഹെഡ്‌ഗേവാർ , കോടതിയിൽ നടത്തിയ വിശദീകരണപ്രസംഗത്തിൽ നിന്നുള്ള വരികളാണിവ . പ്രസംഗത്തേക്കാൾ രാജ്യദ്രോഹമാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയിൽ നടത്തിയ പ്രസംഗമെന്നും വിധിച്ചാണ് ജഡ്ജി ഹെഡ്‌ഗേവാറിന് ഒരു വർഷത്തെ കഠിന തടവ് നൽകിയത്.

സംഘസ്ഥാപനത്തിനു ശേഷവും സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു . 1930 ൽ നിയമലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വനസത്യാഗ്രഹം നടത്തി അദ്ദേഹം വീണ്ടും ജയിൽ വാസമനുഷ്ടിച്ചിരുന്നു. എല്ലാം രാഷ്‌ട്രത്തിന്റേതാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉയർന്ന് വന്നില്ലെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതം വീണ്ടും അടിമത്തത്തിലകപ്പെടും എന്ന് തിരിച്ചറിഞ്ഞ ആ ക്രാന്തദർശി 1925 സെപ്റ്റംബർ 27 ന് നാഗപ്പൂരിലെ മോഹിതെവാഡയിലെ മൈതാനത്ത് ആദ്യത്തെ ‘ശാഖ’ യ്‌ക്ക് തുടക്കമിട്ടു . കേവലം കൗമാരക്കാരായ വിരലിലെണ്ണാവുന്ന ബാലന്മാരെ വച്ചു തുടങ്ങിയ ആ സംഘടനയുടെ ഇന്നത്തെ സ്ഥിതി ഡോക്ടർജിയുടെ ദീർഘവീക്ഷണത്തെ തുറന്നു കാട്ടുന്നുണ്ട്

പ്രസിദ്ധിക്ക് നേരേ മുഖം തിരിച്ച് സാമൂഹികവും മാനുഷികവും രാഷ്‌ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവിരാമമായി പ്രവർത്തിച്ച അദ്ദേഹം സ്വാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സംഘം സ്ഥാപിച്ചത് . അതിന്റെ എല്ലാ ഘടകങ്ങളിലും ദേശീയത ഇണക്കിച്ചേർക്കാൻ അദ്ദേഹം യത്‌നിച്ചു . തന്റെ അഭാവത്തിലും യാതൊരു പരിക്കുമേൽക്കാതെ മുന്നോട്ട് പോകുന്ന വിധത്തിൽ കുറ്റമറ്റതായി സംഘത്തെ രൂപകൽപ്പന ചെയ്‌തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . കാലത്തിനൊത്ത് പൊരുത്തപ്പെട്ട് വളരാനും പടർന്ന് പന്തലിക്കാനും കഴിയുന്ന ഒരു ചെടിയെയാണ് അദ്ദേഹം ഭാരതത്തിന്റെ മണ്ണിലുറപ്പിച്ചത്

ഒരിക്കൽ ഗാന്ധിജിയെ സന്ദർശിച്ച ഡോക്ടർജിയോട് ആർ എസ് എസിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ഗാന്ധിജി ഇങ്ങനെ അനുഗ്രഹിച്ചു . ‘ ഡോക്ടർജീ നിങ്ങളുടെ സ്വഭാവവും നിസ്വാർത്ഥമായ സേവന വ്യഗ്രതയും മൂലം നിങ്ങൾ വിജയിക്കുമെന്നതിൽ സംശയമില്ല ‘ മഹാത്മജിയുടെ പ്രവചനം സത്യമായി ഭവിക്കുകയും ചെയ്തു

1940 ജൂൺ 21 ന് ലോകത്തോട് വിടപറഞ്ഞിട്ടും അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ആദർശനിഷ്ഠയോടെ മുന്നേറുന്നവരുടെ ഹൃദയങ്ങളിൽ അനന്തമായ ആവേശത്തിന്റെ പ്രേരണാ ശ്രോതസ്സായി ഡോക്ടർ കേശവ ബലിറാം ഹെഡ്‌ഗേവാർ ഇന്നും ജീവിക്കുന്നു.