Friday, 24 June 2022

ഗണേഷ് ദാമോദർ സവർക്കർ

ആൻഡമാൻ ദ്വീപുകളിലെ സെല്ലുലാർ ജയിൽ ഏതൊരു സ്വാതന്ത്ര്യ സമര സേനാനിയുടെയും മനോവീര്യം തകർക്കുന്ന സ്ഥലമായിരുന്നു. ഏകാന്ത തടവ് മുതൽ എണ്ണയാട്ടുന്ന ചക്കിൽ കാളകൾകൾക്ക് പകരം പൂട്ടിയിടപ്പെട്ട് ചക്ക് തിരിക്കുക തുടങ്ങിയവയായിരുന്നു ശിക്ഷകൾ. സവർക്കർ സഹോദരൻമാരായ വിനായകും ഗണേഷും ഒരു ദശാബ്ദത്തോളം ഏറ്റവും മോശമായ പീഡനങ്ങൾ അനുഭവിച്ചത് ഇവിടെയാണ്

ജൂൺ 13
ഗണേഷ് ദാമോദർ സവർക്കർ 
ജന്മദിനം

സവർക്കർ സഹോദരൻമാരിലെ മൂത്തയാളായിരുന്നു ഗണേഷ് ദാമോദർ സവർക്കർ. വിനായക് , നാരായൺ എന്നിവർ അദ്ദേഹത്തിന്റെ അനുജൻമാരും മൈനാബായി അനുജത്തിയുമായിരുന്നു. ബാബറാവു എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. ചെറുപ്പത്തിലേ തന്നെ മാതാപിതാക്കൾ മരണപ്പെട്ടതിനെ തുടർന്ന് കുടുംബത്തിന്റെ സംരക്ഷണവും ബാധ്യതയും ഗണേഷ് സവർക്കറിലായി. 

അഭിനവ് ഭാരത് സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു ഗണേഷ് സവർക്കർ.
ഭാരതത്തിലെ ബ്രിട്ടീഷ് കൊളോണിയൽ ഗവൺമെന്റിനെതിരെ അദ്ദേഹം സായുധ പ്രസ്ഥാനത്തിന് നേതൃത്വം നൽകി.1906-ൽ വിനായക് സവർക്കർ ലണ്ടനിലേക്ക് പോയതിനുശേഷം 'അഭിനവ് ഭാരത്' സംഘടനയുടെ പ്രവർത്തനങ്ങൾ ഗന്നേഷ് സവർക്കർ വിജയകരമായി നടത്തി. യുവജനങ്ങളെ ഉൾപ്പെടുത്തി അദ്ദേഹം സംഘടന കെട്ടിപ്പടുത്തു. ശാരീരികവും ബൗദ്ധികവുമായ തലങ്ങളിൽ അദ്ദേഹം പരിശീലനം നൽകി. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. 'വന്ദേമാതരം', 'സ്വാതന്ത്ര്യലക്ഷ്മി കീ ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസുകൾ ഫയൽ ചെയ്യപ്പെട്ടു. എന്നിട്ടും അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ തുടർന്നു. പണം ശേഖരിച്ച് ലണ്ടനിൽ നിന്ന് വിനായക് അയച്ച മാസിനിയുടെ (ഇറ്റലിയുടെ സ്വാതന്ത്ര്യ സമരസേനാനി) ജീവചരിത്രം അദ്ദേഹം പ്രസിദ്ധീകരിച്ചു. ദേശഭക്തി ഗാനങ്ങൾ എഴുതി. 'രണവിന സ്വാതന്ത്ര്യ മിലേഖ (യുദ്ധമില്ലാതെ സ്വാതന്ത്ര്യം ലഭിക്കില്ല)...' എന്ന തത്വത്തിന് ഊന്നൽ നൽകി കവി ഗോവിന്ദ് എഴുതിയ ഗാനം അദ്ദേഹം പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് സർകാരിനെതിരായ ഇത്തരം പ്രവർത്തനങ്ങളെത്തുടർന്ന് ബ്രിട്ടീഷുകാർ അദ്ദേഹത്തിനെതിരെ കേസെടുത്തു. 1908-ൽ തിലകിനെ 6 വർഷത്തെ തടവിന് ശിക്ഷിച്ചപ്പോൾ 1909-ൽ ഗണേഷ് സവർക്കറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ആൻഡമാനിലേക്ക് അയച്ചു.

1922-ൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം അദ്ദേഹം യുവ 'ഹിന്ദു സഭ' സ്ഥാപിച്ചു. ഭഗത് സിംഗ്, രാജ്ഗുരു, ചന്ദ്രശേഖർ ആസാദ്, വി ബി ഗോഗട്ടെ, താത്യാറാവു തുടങ്ങിയ വിപ്ലവകാരികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു . ഭഗത് സിങ്ങിന്റെ വധശിക്ഷ റദ്ദാക്കാൻ ഗണേഷ് സവർക്കർ കോൺഗ്രസ് നേതാക്കളെയും മറ്റുള്ളവരെയും കണ്ടു. ഗണേഷ് സവർക്കർ എഴുതിയ കത്തുകൾ 'എംപയർ' തീയേറ്ററിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ വീണ്ടും 4 വർഷം തടവിലാക്കി. ഈ കാലയളവിൽ അദ്ദേഹം 'രാഷ്ട്രമീമാംസ' എന്ന പുസ്തകം രചിച്ചു. ഈ പുസ്തകത്തിൽ, 'ഹിന്ദുസ്ഥാൻ ഒരു ഹിന്ദു രാഷ്ട്രമാണ്' എന്ന ആശയത്തിന് അദ്ദേഹം അടിത്തറ പാകി.

ഭാരത രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനും സ്ഥാപനത്തിനും വേണ്ടി അദ്ദേഹം എപ്പോഴും പ്രവർത്തിച്ചു. 1945 മാർച്ച് 16 -ന് അദ്ദേഹം അന്തരിച്ചു.

No comments:

Post a Comment