Friday, 24 June 2022

ജൂൺ 24റാണി ദുർഗ്ഗാവതിവീരാഹുതി ദിനം


മുഗളന്മാർക്കെതിരെ നിരന്തരമായി പോരാടി അവരുടെ പേടിസ്വപ്നമായിത്തീർന്ന മഹാറാണാ പ്രതാപിനെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും ....
എന്നാൽ അദ്ദേഹത്തിനും വളരെ മുമ്പ് മുഗള സാമ്രാജ്യത്തെ വിറപ്പിച്ച ഒരു ധീര വനിത ഇവിടെ ജീവിച്ചിരുന്നു....
ആ വീര നായികയുടെ പേരാണ് റാണി ദുർഗ്ഗാവതി...

ജൂൺ 24
റാണി ദുർഗ്ഗാവതി
വീരാഹുതി ദിനം

1524 ഒക്ടോബർ 5 ന് ദുർഗ്ഗാഷ്ടമി നാളിൽ ഉത്തർപ്രദേശിലെ ചന്ദേൽ രാജകുടുംബത്തിൽ അതിതേജ്വസിയായ ഒരു പെൺകുട്ടി പിറന്നു. ദുർഗ്ഗാഷ്ടമി നാളിൽ പിറന്നതിനാൽ അവൾക്ക് ദുർഗ്ഗാവതി എന്ന് പേരിട്ടു.

പതിനെട്ടാം വയസിൽ ഗോംഡിലെ രാജാവായ സംഗ്രാം ഷായുടെ മകൻ ദളപത ഷായെ ദുർഗ്ഗാവതി വിവാഹം കഴിച്ചു. മകൻ വീരനാരായണന്റെ ചെറുപ്പത്തിൽ തന്നെ ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് ദുർഗാവതി രാജ്യഭരണം ഏറ്റെടുത്തു. ആ രാജവംശത്തിലെ ആദ്യ വനിതാരാജാവായി.

രാജ്യഭരണം വനിത ആയതു കൊണ്ട് സാഹചര്യം ദുർബലമാണെന്നായിരുന്നു അക്ബർ ഉൾപ്പെടെയുള്ള ശത്രുക്കൾ കരുതിയത്. അവർ പലതരം സമ്മർദ്ദ തന്ത്രങ്ങൾ പയറ്റി നോക്കി. മധ്യഭാരതത്തിൽ തേരോട്ടം തുടങ്ങിയ അക്ബർ ഗോംഡിലെ മഹാറാണിയായിരുന്ന ദുർഗാവതിയോട് കീഴടങ്ങാൻ സന്ദേശമയച്ചു. സ്വാഭാവികമായും റാണി തെരെഞ്ഞെടുത്തത് യുദ്ധമായിരുന്നു.

1563 ൽ മുഗൾ സൈന്യാധിപൻ സർദാർ ആസിഫ് ഖാന്റെ ആക്രമണത്തെ ദുർഗാവതി ചെറുത്തു. ചെറിയ സൈന്യത്തെ ഉപയോഗിച്ചു കൊണ്ടുള്ള റാണിയുടെ വ്യൂഹരചനയും യുദ്ധനൈപുണ്യവും കണ്ട് മുഗളന്മാർ അമ്പരന്നു. ഒരു മലഞ്ചെരുവിൽ വെച്ച് ആസിഫ് ഖാനും റാണിയും മുഖാമുഖം ഏറ്റുമുട്ടി. ഇതിനിടയിൽ റാണിയുടെ ഒളിപ്പോരാളികൾ മുഗൾ സൈന്യത്തിന് കനത്ത നാശനഷ്ടങ്ങൾ വരുത്തി. 

ഇത്തരത്തിൽ മൂന്നു തവണ ഏറ്റുമുട്ടിയിട്ടും അക്ബറിന്റെ വലുതും ആധുനികവുമായ സൈന്യത്തിന് റാണിയുടെ ചെറിയ സൈന്യത്തെ ഒന്നും ചെയ്യാനായില്ല. 

ഒരു വർഷം കഴിഞ്ഞ് ആസിഫ് ഖാൻ റാണിയെ അപായപ്പെടുത്തുന്നതിൽ ഭാഗികമായി വിജയിച്ചു. പരിക്കേറ്റ മകനെയും വെറും മുന്നൂറു പേരുടെ സൈന്യത്തെയും പരിരക്ഷിച്ചുകൊണ്ട് റാണി പോരാട്ടം തുടർന്നു. തോളത്തേറ്റ അമ്പെടുത്തു മാറ്റാതെ റാണി പോരാടിയതിന്റെ വീരചരിതങ്ങൾ ഉത്തരേന്ത്യയിൽ നാടൻ ശീലുകളാണ്. തുടർന്ന് കണ്ണിന് അമ്പേറ്റു ഗുരുതരമായി പരിക്കേറ്റ റാണി ദുർഗാവതി യുദ്ധരംഗത്തു നിന്നു പിന്മാറി. മൂന്നു തവണ മുഗളരെ തുരത്തിയ ആ വീരാംഗന അവർക്കു മുന്നിൽ തല കുമ്പിടാൻ ഒരുക്കമില്ലായിരുന്നു.

ശത്രുവിന്റെ കൈപ്പടയും കരവാളും തന്റെ ശരീരത്തിൽ പതിക്കരുതെന്ന് ശഠിച്ച റാണി ദുർഗാവതി,1564 ജൂൺ 24ന് സ്വന്തം കഠാര ശരീരത്തിൽ കുത്തിയിറക്കി മരണം വരിച്ചു. 

#RaniDurgavathi

No comments:

Post a Comment