Friday, 24 June 2022

ജൂൺ 23ഡോ.ശ്യാമ പ്രസാദ് മുഖർജിബലിദാന ദിനം


ഏക് ദേശ് മേം
ദോ വിധാൻ
ദോ പ്രധാൻ
ദോ നിശാൻ
നഹി ചെലേംഗേ....

ജൂൺ 23
ഡോ.ശ്യാമ പ്രസാദ് മുഖർജി
ബലിദാന ദിനം

സ്വാതന്ത്ര്യത്തിനുശേഷം, ഭാരതീയരുടെ മനസ്സിൽ ദേശീയ അവബോധം ഏറ്റവും ആർജവത്തോടെ ഊട്ടിയുറപ്പിച്ചത്, ദേശീയോദ്ഗ്രഥനത്തിനുവേണ്ടി അവിശ്രമം പ്രയത്നിച്ചത്, സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ആദ്യമായി ഒരു രാഷ്ട്രീയ ബദലിന്റെ സാദ്ധ്യതകൾ തേടിയത് ഡോ. ശ്യാമപ്രസാദ് മുഖർജിയായിരുന്നു. സ്വതന്ത്ര ഭാരതത്തിൽ ഏറെനാൾ ജീവിച്ചിരിക്കാൻ ഡോ. മുഖർജിക്ക് സാധിച്ചില്ല എങ്കിലും, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവും പോരാട്ടങ്ങളും ഭാരതീയ രാഷ്ട്രീയ ഭൂമികയിൽ പിന്നീടങ്ങോട്ടും രൂഢമൂലമാവുക തന്നെ ചെയ്തു

ജമ്മു കശ്മീരിലെ പ്രശ്‌നം വളരെ നേരത്തെ തന്നെ മനസിലാക്കിയ ഡോ. മുഖർജിയാണ് പ്രസ്തുത സമസ്യക്ക് ഒരു സമ്പൂർണ്ണ പരിഹാരം ആവശ്യപ്പെട്ട് ആദ്യമായി ശബ്ദമുയർത്തിയത്. ബംഗാൾ വിഭജനം നടക്കുമ്പോൾ ഇന്ത്യയുടെ അവകാശങ്ങൾക്കും താൽപര്യങ്ങൾക്കുമായി വിജയകരമായി പോരാടിയതും അദ്ദേഹമായിരുന്നു. വൈദേശിക പ്രത്യയശാസ്ത്രങ്ങളും ഉപദേശങ്ങളും ഇന്ത്യക്കാർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന കോൺഗ്രസിന്റെ നയപരിപാടികൾ തുറന്നെതിർക്കാൻ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഡോ. മുഖർജി ഏറെ ആർജവം കാണിച്ചു. ‘ഭാരതം, ഭാരതീയം, ഭാരതീയത’ എന്ന രാഷ്ട്രീയ-സാമൂഹിക പ്രത്യയശാസ്ത്രം വിഭാവനം ചെയ്യുന്നതിലും, അത് നടപ്പിലാക്കുന്നതിലും ഡോ. മുഖർജി ഏറെ ഉത്സാഹിച്ചു. 

സ്വാതന്ത്ര്യാനന്തരം, നെഹ്‌റു സർക്കാരിലെ ഇന്ത്യയിലെ ആദ്യത്തെ വ്യവസായ വിതരണ മന്ത്രിയായിരുന്നു ഡോ. മുഖർജി. തുടക്കത്തിൽ നെഹ്‌റു സർക്കാരിന്റെ ഭാഗമായി എങ്കിലും 'നെഹ്‌റു-ലിയാഖത്ത്' കരാറിൽ കോൺഗ്രസ് ഹിന്ദുക്കളുടെ താൽപ്പര്യങ്ങൾ പൂർണമായും അവഗണിച്ചതിനെത്തുടർന്ന് അദ്ദേഹം ക്യാബിനറ്റിൽ നിന്ന് രാജിവെച്ചു. അദ്ദേഹത്തിന്റെ അന്തഃകരണത്തിൽ ജ്വലിച്ചു നിന്ന പ്രത്യയശാസ്ത്ര ബോധത്തിന്റെ ഉത്തമോദാഹരണമാണ് ഈ രാജി. ഡോ. മുഖർജി ഒരിക്കലും തന്റെ പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതകളിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. രാജ്യത്ത് ഒരു രാഷ്ട്രീയ ബദൽ ഉയർന്നുവരുന്നതിന്റെ മുന്നോടിയായിരുന്നു നെഹ്‌റു മന്ത്രിസഭയിൽ നിന്നുള്ള മുഖർജിയുടെ രാജി.
  
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഒത്തുചേർന്നു പോരാടുന്നതിനുവേണ്ടി മാത്രമാണ്, വിവിധ പ്രത്യയ ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന പല രാഷ്ട്രീയ നേതാക്കളും പൊതുജനവും കോൺഗ്രസിന്റെ ബാനറിൽ ഒന്നിച്ചതെന്ന് നമുക്കെല്ലാം അറിവുള്ള വസ്തുതയാണ്. രാജ്യം സ്വാതന്ത്രമായതിനു ശേഷമുള്ള കാലഘട്ടത്തിൽ, രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയശൂന്യത നികത്താൻ, കോൺഗ്രസിന് ബദലായി ഒരു രാഷ്ട്രീയ പാർട്ടി വേണം എന്ന ദിശയിൽ ചർച്ചകൾ പുരോഗമിക്കുകയുണ്ടായി. നമ്മുക്ക് പൈതൃകമായി സിദ്ധിച്ച സാംസ്കാരിക ദേശീയതയിൽ ഊന്നിനിന്നുകൊണ്ട്, ദേശീയോദ്ഗ്രഥനത്തിനായി പ്രവർത്തിക്കുന്ന, അതേസമയം പ്രീണനങ്ങളെ ചെറുക്കുന്ന ഒരു നവരാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനായി ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അന്ന്. ഈയൊരു സങ്കല്പത്തിന്റെ പതാകവാഹകനായി ഉയർന്നുവന്നത് ഡോ. ശ്യാമ പ്രസാദ് മുഖർജിയാണ്. ഈ ചർച്ചകൾ ഒടുവിൽ ചെന്നവസാനിക്കുനത് ജനസംഘത്തിന്റെ രൂപീകരണത്തിലാണ്.

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായിട്ടാണ് 1951 ഒക്ടോബർ 21 -ന് ഇന്ത്യയിൽ ജനസംഘം രൂപീകൃതമാവുന്നത്. ദേശീയതയുടെയും ഭാരതീയതയുടെയും ജനിതകഗുണങ്ങളുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ വിത്തുകൾ വിതച്ചത് ജനസംഘമെന്ന മുന്നേറ്റമാണ്. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി, പല സുപ്രധാന നാഴികക്കല്ലുകൾ കടന്ന്, നിരവധി യുദ്ധങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ്, നമ്മൾ ഇന്നത്തെ രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്.  

1951-52 ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ തന്നെ മൂന്ന് സീറ്റുകൾ നേടാൻ ജനസംഘിന് സാധിച്ചു. കൊൽക്കത്ത സീറ്റിൽ ഉജ്ജ്വലവിജയം നേടി ഡോ. ശ്യാമ പ്രസാദ് മുഖർജി അന്ന് പാർലമെന്റിലും എത്തി. ചിന്തകളുടെ വ്യക്തത, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത, വിഹഗവീക്ഷണം എന്നിവ നേരിൽ ബോധ്യപ്പെട്ട പ്രതിപക്ഷ പാർട്ടികൾ ചേർന്ന് മുഖർജിയെ ലോക്സഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. പ്രതിപക്ഷനേതാവ് എന്ന നിലയിൽ ഡോ. മുഖർജി ജനങ്ങളുടെ പ്രശ്നങ്ങൾ ശക്തമായി ഉന്നയിച്ചു, പ്രതിപക്ഷത്തെ സിംഹഗർജ്ജനമായി അന്ന് ഡോ. മുഖർജി ഉയർന്നുവന്നു.

ജമ്മുകാശ്മീരിനുമേൽ ആർട്ടിക്കിൾ 370 നടപ്പിലാക്കിയതും, പെർമിറ്റ് സിസ്റ്റം കൊണ്ടുവന്നതും ഇന്ത്യയുടെ ഐക്യത്തിന് വിഘാതമാണ് എന്ന് ഡോ. മുഖർജി അന്നേ മനസ്സിലാക്കിയിട്ടുണ്ട്. 1952 ജൂൺ 26 ന് ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോൾ ഡോ. മുഖർജി പറഞ്ഞത് ജനാധിപത്യ-ഫെഡറൽ ഇന്ത്യയിൽ, ഒരു സംസ്ഥാനത്തെ പൗരന്മാരുടെ അവകാശങ്ങളും അധികാരങ്ങളും മറ്റൊരു സംസ്ഥാനത്തിന്റേതിൽ നിന്ന് വ്യത്യസ്തമാകുന്നത് ഇന്ത്യയുടെ സമഗ്രതയ്ക്കും ഐക്യത്തിനും ഹാനികരമാണ്. ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റ് സംവിധാനത്തെ അദ്ദേഹം അന്നുതന്നെ ശക്തമായി എതിർക്കുന്നുണ്ട്.

പെർമിറ്റ് എടുക്കാൻ വിസമ്മതിച്ച്‌ ജമ്മുവിൽ പ്രവേശിക്കുന്നതിനിടെയാണ് ഡോ. മുഖർജി അറസ്റ്റിലായത്. അതേ തുടർന്ന്, ഇന്ത്യയിലുടനീളം വൻ പ്രതിഷേധത്തിനും അറസ്റ്റിനും കാരണമായി. അറസ്റ്റിലായി 40 ദിവസത്തിനുശേഷം 1953 ജൂൺ 23 ന്, ഭാരതത്തിന്റെ ധീരനായ ഈ സല്പുത്രൻ, ഡോ. ശ്യാമപ്രസാദ്മുഖർജി, ജമ്മുവിലെ സർക്കാർ ആശുപത്രിയിൽ ഏറെ ദുരൂഹമായ സാഹചര്യങ്ങളിൽ അന്തരിക്കുന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളിലേക്ക് നയിച്ചെങ്കിലും അന്നത്തെ നെഹ്‌റു സർക്കാർ അതിനെയൊക്കെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോയി. ഡോ. മുഖർജിയുടെ അമ്മ യോഗമയ ദേവി തന്റെ മകന്റെ നിഗൂഢമായ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കാണിച്ച് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന് കത്തെഴുതിയെങ്കിലും ആ അഭ്യർത്ഥനയും നിരസിക്കപ്പെട്ടു. ഡോ. മുഖർജിയുടെ അറസ്റ്റും മരണവും സംബന്ധിച്ച പല കാര്യങ്ങളും ഇന്നും ഒരു പ്രഹേളികയായിത്തന്നെ തുടരുകയാണ്. 

"ഒരു രാജ്യത്ത് രണ്ടു ഭരണഘടനകളും, രണ്ടു പ്രധാനമന്ത്രിമാരും, രണ്ടു പതാകകളും" എന്നത് അനുവദനീയമല്ല എന്ന് തുടക്കം തൊട്ടുതന്നെ ഡോ. മുഖർജി പറഞ്ഞിരുന്നു. ഈ മുദ്രാവാക്യം ആദ്യം ജനസംഘത്തിന്റെയും പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെയും നയവും മാർഗ്ഗനിർദ്ദേശക തത്വവുമായി മാറി. ഒരു രാജ്യത്തിനുള്ളിൽ രണ്ടു നിയമവും, രണ്ടു പതാകയും അനുവദിക്കരുത് എന്ന ഡോ. മുഖർജിയുടെ സ്വപ്നം എന്നെങ്കിലും പൂർത്തീകരിക്കുമോ എന്നറിയാൻ ഇന്ത്യൻ ജനതയ്ക്ക് കാത്തിരിക്കേണ്ടി വന്നത് പതിറ്റാണ്ടുകളാണ്. 

ഇതൊരു പ്രത്യയശാസ്ത്ര യുദ്ധമായിരുന്നു. ഒരു വശത്ത്, പ്രീണന രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളായ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ, മറുവശത്ത് 370 ആർട്ടിക്കിൾ നിർത്തലാക്കുക തന്നെ വേണം എന്ന ഇച്ഛാശക്തിയോടെ ബിജെപിയും. അത് ജനസംഘത്തിന്റെ കാലഘട്ടമായാലും ബിജെപിയുടെ യാത്രയായാലും , നമ്മുടെ പ്രത്യയശാസ്ത്രത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. നമ്മുടെ ലക്‌ഷ്യം എന്നും അഖണ്ഡഭാരതം തന്നെ ആയിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗംഭീരമായ ഇച്ഛാശക്തിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കാര്യക്ഷമമായ തന്ത്രവും ആസൂത്രണവും കാരണമാണ് ആർട്ടിക്കിൾ -370 എന്നേക്കുമായി നീക്കം ചെയ്യുന്നതിൽ ഇന്ത്യ 2019 ഓഗസ്റ്റിൽ വിജയിച്ചത്. “ഒരു ഭരണഘടന, ഒരു പ്രധാനമന്ത്രി, ഒരു പതാക” എന്നിവയിൽ ഭാരതത്തെ കാണണമെന്ന ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ആഗ്രഹം ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിറവേറ്റുക തന്നെ ചെയ്തു.

ആർട്ടിക്കിൾ 370 നീക്കംചെയ്ത്, ജമ്മു കശ്മീരിനെ അക്ഷരാർത്ഥത്തിൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി, ഇന്ത്യയെ കൂടുതൽ ശക്തമായ ഒരു രാഷ്ട്രമാക്കി മാറ്റണമെന്ന ആഗ്രഹം സാക്ഷാത്കരിക്കുന്നതിൽ ഡോ. മുഖർജി ചെയ്തിട്ടുള്ള പരമമായ ത്യാഗങ്ങൾ പാഴായില്ല. പ്രത്യയശാസ്ത്രത്തോട് ആത്മാർത്ഥമായി പ്രതിജ്ഞാബദ്ധരായി നിലകൊള്ളുകയും അഖണ്ഡമായ ഒരു ഭാരതത്തിനുവേണ്ടി അശ്രാന്തം പരിശ്രമിക്കുകയും ആ ശ്രേഷ്ഠമായ ലക്ഷ്യത്തിനായി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത, ഭാരതാംബയുടെ ഈ ധീരപുത്രന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

No comments:

Post a Comment