ചരിത്രം എന്നും അധികാരത്തിന്റെയും സമ്പത്തിന്റെയും മതില്‍കെട്ടുകള്‍ക്കുള്ളിലാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്. എന്നാല്‍ തന്റെ ജീവിതം കൊണ്ടു ചരിത്രത്തില്‍ ഇടം നേടിയ ഒരു വനവാസി നേതാവ് ഉണ്ടായിരുന്നു ഭാരതത്തിൽ. ബ്രിട്ടീഷുകാരന്റെ നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് അവര്‍ക്കെതിരെ പടപൊരുതി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചിച്ച ഒരു ദേശാഭിമാനി. ജാര്‍ഖണ്ഡിലെ വനാന്തരങ്ങളില്‍ സ്വ-സമുദായത്തിനും രാജ്യത്തിനും വേണ്ടി പടപൊരുതിയ ആ യുവാവിന്റെ പേരാണ് ബിര്‍സ മുണ്ട. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒരേയൊരു ഗോത്ര നേതാവിന്റെ ചിത്രമേയുള്ളു സാമ്രാജ്യത്വത്തിനും, ജന്‍മിത്വത്തിനും എതിരെ പോരാട്ടം നയിച്ച കരുത്തനായ ഗറില്ലാ പോരാളിയായ ബിര്‍സാ മുണ്ടയുടേതാണ് അത്.
ജൂൺ 9
ബിർസ മുണ്ട
ബലിദാന ദിനം
ഇന്നത്തെ ജാര്‍ഖണ്ഡില്‍ റാഞ്ചിക്ക് സമീപം ഉലിഹത്തില്‍ 1875 നവംബർ മാസം പതിനഞ്ചാം തിയതിയാണ് വനവാസി ഗോത്ര സമൂഹമായ ‘മുണ്ട’ വിഭാഗത്തില്‍ ‘ബിര്‍സാ മുണ്ട’ ജനിക്കുന്നത്. തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ അവസാനിച്ച ജീവിതത്തിനിടയില്‍ ഭാരതത്തിലെ വനവാസി ജനതയുടെ പോരാട്ട വീര്യത്തെ ചരിത്ര താളുകളില്‍ അദ്ദേഹം രചിച്ച് ചേര്‍ത്തു, നമ്മള്‍ അതികമൊന്നും തിരിച്ചറിയാത്ത, തിരിച്ചറിയാന്‍ ശ്രമിക്കാത്ത ധീരതയുടെ പേരാണ് ബിര്‍സാ മുണ്ട.
1882 ല്‍ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍മെന്റ് വനനിയമം പാസാക്കി, അന്നോളം വനവാസി ജനത പിന്‍തുടര്‍ന്നു പോന്നിരുന്ന തനതായ ജീവിതരീതിയും സംസ്‌കൃതിയും എല്ലാം എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാന്‍ പ്രാപ്തമായിരുന്ന നിയമം. 1894 ല്‍ ആണ് ബിര്‍സയുടെ നേതൃത്വത്തില്‍ വനനിയമത്തെ എതിര്‍ത്ത് ഗോത്ര ജനങ്ങള്‍ ചെറുത്തുനില്‍പ്പ് തുടങ്ങിയത്, അദ്ദേഹത്തിന്റെ 19 ആം വയസ്സില്‍.
വൈദേശിക ശക്തിയുടെ തോക്കിനും പീരങ്കിക്കും മുന്‍പില്‍ ഇന്നത്തെ ജാര്‍ഖണ്ഡ്, ബീഹാര്‍, ഒറീസ എന്നീ സംസ്ഥാനങ്ങളിലാകെ പരന്നു കിടക്കുന്ന വനങ്ങള്‍ കേന്ദ്രീകരിച്ച് അമ്പും വില്ലും വാളുകളും ഉപയോഗിച്ച് ബിര്‍സ തന്റെ ഗറില്ലാ പോരാട്ടം വീര്യം പ്രകടിപ്പിച്ചു. ഇതിനിടയില്‍ പലതവണ ജയിലിലും ഒളിവിലുമായി കഴിയേണ്ടി വന്നു.
ബംഗാളി സാഹിത്യകാരി മഹാശ്വേതാദേവി രചിച്ച സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആര്‍ഗ്‌നിയര്‍ അധികാര്‍ എന്ന നോവല്‍ മുണ്ടാ ജനതവിഭാഗത്തെ സംഘടിപ്പിച്ച് ബിര്‍സ മുണ്ട നടത്തിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രാഖ്യായി ആണ്.
1900 മാര്‍ച്ചില്‍ ചക്രധാരാപൂര്‍ ജംങ്കോപായ് വനത്തില്‍ വച്ച് മുണ്ട അറസ്റ്റ് ചെയ്യപ്പെട്ടു. റാഞ്ചി ജയിലില്‍ വച്ച് ജൂണ്‍ 9ന് മുണ്ട മരിച്ചു. കോളറ മൂലം മരണം സംഭവിച്ചു എന്ന് ബ്രിട്ടീഷ് ഭരണകൂടം പുറം ലോകത്തെ അറിയിച്ചുവെങ്കിലും മുണ്ട യഥാര്‍ത്ഥത്തില്‍ വധിക്കപ്പെടുകയായിരുന്നു. ആ ധീര ദേശാഭിമാനിക്ക് ശതകോടി പ്രണാമങ്ങൾ
#BirsaMundaBalidanDiwas
No comments:
Post a Comment