രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മൃതി ദിനമാണ് ജൂൺ 24.
ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് സമന്വയത്തിന്റെയും സമർപ്പണ ത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകാൻ ലക്ഷ്യമിട്ട് 1925 ലാണ് ഡോ കേശവബലിറാം ഹെഡ്‌ഗേവാർ രാഷ്‌ട്രീയ സ്വയംസേവക സംഘം ആരംഭിക്കുന്നത്. ഭാരതത്തിന്റെ കഴിഞ്ഞ നൂറു വർഷത്തെ ചരിത്രത്തിൽ നിർണായകമായ പങ്ക് വഹിക്കാൻ കഴിഞ്ഞ പ്രസ്ഥാനത്തിന്റെ സ്ഥാപകനെന്ന നിലയിൽ ഡോക്ടർജിയുടെ സംഭാവന ഏറെ വിലപ്പെട്ടതാണ്
ചെറുപ്പകാലത്ത് തന്നെ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം നാഗപ്പൂരിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്നു . ദേശാഭിമാന പ്രചോദിതമായ പ്രസംഗങ്ങളെത്തുടർന്ന് 1921 ൽ ഒരു വർഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തടവറയിൽ കഠിനശിക്ഷ അനുഭവിച്ചു.
”ബ്രിട്ടനെ ആക്രമിച്ച് ഭരിക്കുവാനോ അധീനമാക്കുവാനോ ഞങ്ങൾക്ക് തെല്ലും ഉദ്ദേശ്യമില്ല. ബ്രിട്ടീഷുകാർ ബ്രിട്ടൻ ഭരിക്കുന്നതു പോലെ , ജർമ്മൻകാർ ജർമ്മനി ഭരിക്കുന്നത് പോലെ ഞങ്ങൾക്ക് മാതൃഭൂമിയിൽ സ്വയം ഭരണം നടത്താൻ അവകാശമുണ്ട് . വിദേശികളുടെ അടിമകളായി തുടരുന്നു എന്ന ചിന്തയിൽ ആ അപമാനവും ഞങ്ങളുടെ മനസ്സിൽ ദേഷ്യമുണർത്തുന്നു . പൂർണ്ണ സ്വാതന്ത്ര്യമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് . അതു നേടുന്നതു വരെ ശാന്തമായി അടങ്ങിയിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല . ഞങ്ങളുടെ ഭൂമിയിൽ ഞങ്ങൾക്കു സ്വാതന്ത്ര്യം വേണമെന്ന ആവശ്യം നീതിക്കോ നിയമത്തിനോ എതിരാണോ ? നിയമം നിലനിൽക്കുന്നത് നീതിയെ നശിപ്പിക്കാനല്ല , നടപ്പിലാക്കാനാണ് എന്നാണെന്റെ വിശ്വാസം . അതായിരിക്കണം നിയമത്തിന്റെ പ്രധാന ഉദ്ദേശ്യവും . ‘
നാഗ്പ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടർ കേശവ ബലിറാം ഹെഡ്‌ഗേവാർ , കോടതിയിൽ നടത്തിയ വിശദീകരണപ്രസംഗത്തിൽ നിന്നുള്ള വരികളാണിവ . പ്രസംഗത്തേക്കാൾ രാജ്യദ്രോഹമാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയിൽ നടത്തിയ പ്രസംഗമെന്നും വിധിച്ചാണ് ജഡ്ജി ഹെഡ്‌ഗേവാറിന് ഒരു വർഷത്തെ കഠിന തടവ് നൽകിയത്.
സംഘസ്ഥാപനത്തിനു ശേഷവും സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു . 1930 ൽ നിയമലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വനസത്യാഗ്രഹം നടത്തി അദ്ദേഹം വീണ്ടും ജയിൽ വാസമനുഷ്ടിച്ചിരുന്നു. എല്ലാം രാഷ്‌ട്രത്തിന്റേതാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉയർന്ന് വന്നില്ലെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതം വീണ്ടും അടിമത്തത്തിലകപ്പെടും എന്ന് തിരിച്ചറിഞ്ഞ ആ ക്രാന്തദർശി 1925 സെപ്റ്റംബർ 27 ന് നാഗപ്പൂരിലെ മോഹിതെവാഡയിലെ മൈതാനത്ത് ആദ്യത്തെ ‘ശാഖ’ യ്‌ക്ക് തുടക്കമിട്ടു . കേവലം കൗമാരക്കാരായ വിരലിലെണ്ണാവുന്ന ബാലന്മാരെ വച്ചു തുടങ്ങിയ ആ സംഘടനയുടെ ഇന്നത്തെ സ്ഥിതി ഡോക്ടർജിയുടെ ദീർഘവീക്ഷണത്തെ തുറന്നു കാട്ടുന്നുണ്ട്
പ്രസിദ്ധിക്ക് നേരേ മുഖം തിരിച്ച് സാമൂഹികവും മാനുഷികവും രാഷ്‌ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവിരാമമായി പ്രവർത്തിച്ച അദ്ദേഹം സ്വാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സംഘം സ്ഥാപിച്ചത് . അതിന്റെ എല്ലാ ഘടകങ്ങളിലും ദേശീയത ഇണക്കിച്ചേർക്കാൻ അദ്ദേഹം യത്‌നിച്ചു . തന്റെ അഭാവത്തിലും യാതൊരു പരിക്കുമേൽക്കാതെ മുന്നോട്ട് പോകുന്ന വിധത്തിൽ കുറ്റമറ്റതായി സംഘത്തെ രൂപകൽപ്പന ചെയ്‌തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . കാലത്തിനൊത്ത് പൊരുത്തപ്പെട്ട് വളരാനും പടർന്ന് പന്തലിക്കാനും കഴിയുന്ന ഒരു ചെടിയെയാണ് അദ്ദേഹം ഭാരതത്തിന്റെ മണ്ണിലുറപ്പിച്ചത്
ഒരിക്കൽ ഗാന്ധിജിയെ സന്ദർശിച്ച ഡോക്ടർജിയോട് ആർ എസ് എസിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ഗാന്ധിജി ഇങ്ങനെ അനുഗ്രഹിച്ചു . ‘ ഡോക്ടർജീ നിങ്ങളുടെ സ്വഭാവവും നിസ്വാർത്ഥമായ സേവന വ്യഗ്രതയും മൂലം നിങ്ങൾ വിജയിക്കുമെന്നതിൽ സംശയമില്ല ‘ മഹാത്മജിയുടെ പ്രവചനം സത്യമായി ഭവിക്കുകയും ചെയ്തു
1940 ജൂൺ 21 ന് ലോകത്തോട് വിടപറഞ്ഞിട്ടും അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ആദർശനിഷ്ഠയോടെ മുന്നേറുന്നവരുടെ ഹൃദയങ്ങളിൽ അനന്തമായ ആവേശത്തിന്റെ പ്രേരണാ ശ്രോതസ്സായി ഡോക്ടർ കേശവ ബലിറാം ഹെഡ്‌ഗേവാർ ഇന്നും ജീവിക്കുന്നു.
No comments:
Post a Comment